68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് 5ന് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. 3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്. 8 പുരസ്കാരങ്ങളാണ് മലയാളത്തിന്. മികച്ച നടിക്കുള്ള പുരസ്കാരം സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി നേടിയിരുന്നു. മികച്ച നടനുള്ള പുരസ്കാരം സുരറൈ പോട്രിലെ പ്രകടനത്തിന് സൂര്യയും തൻഹാജിയിലെ അഭിനയത്തിന് അജയ് ദേവ്ഗണുമാണ് സ്വന്തമാക്കിയത്.
മികച്ച സംവിധായകനുള്ള പുരസ്കാരം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സച്ചിക്ക് ലഭിച്ചു. സുധ കൊങ്കരയുടെ സംവിധാനത്തിൽ ഒരുങ്ങിയ സുരറൈ പോട്രാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിന് ബിജു മേനോന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക.
മികച്ച മലയാള സിനിമയായി സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തെരഞ്ഞെടുത്തപ്പോൾ സെപ്ഷ്യൽ ജൂറി പുരസ്കാരം നേടി ‘വാങ്ക്’ ശ്രദ്ധ നേടി. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലൂടെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്ണനും (എംടി: അനുഭവങ്ങളുടെ പുസ്തകം) തെരഞ്ഞെടുക്കപ്പെട്ടു.