എൻഡിഎ സ്ഥാനാർഥിയാവാൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സി കെ ജാനുവിന് ബത്തേരിയിൽവെച്ച് 25 ലക്ഷംരൂപ കൂടി കോഴ നൽകിയെന്ന് മൊഴി. വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ മാർച്ച് 26ന് രാവിലെ ബത്തേരിയിലെ മണിമല ഹോം സ്റ്റേയിൽവെച്ചാണ് പണം കൈമാറിയതെന്ന് ജെആർപി ട്രഷറർ പ്രസീത അഴീക്കോടാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ്കുമാറിന് മൊഴി നൽകി.
പൂജ നടത്തിയതിന്റെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയിൽ പണം നൽകിയത്. ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊഴാറ, കോ ഓർഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരും മുറിയിലുണ്ടായിരുന്നു.
പണംകൈമാറുന്നതിന്റെ തലേന്ന് 25 ലക്ഷം ശരിയാക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ഫോണിൽ തന്നെ വിളിച്ചറിയിച്ചതായും പ്രസീത പറഞ്ഞു. പണം കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളാരായാൻ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്നും ഗണേശ് ജി ആരാണെന്ന് സി കെ ജാനുവിന് അറിയില്ലേയെന്ന നീരസവും സുരേന്ദ്രൻ പ്രകടമാക്കിയതായും പ്രസീത പറഞ്ഞു.
മാർച്ച് ഏഴിന് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ കെ സുരേന്ദ്രൻ ജാനുവിന് 10 ലക്ഷംരൂപ കൈമാറിയതായി പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു