റിപ്പോ നിരക്കുകൾ 50 ബേസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 5.9% ആയി വർധിച്ചു. അതേസമയം, അടിസ്ഥാന പലിശാ നിരക്കിലെ വർധന വായ്പാപലിശയും വിലക്കയറ്റവും കടുപ്പിക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോ നിരക്കിലുണ്ടായ നാലാമത്തെ വർധനയാണ് ഇത്. അവസാനമായി ഓഗസ്റ്റ് 5 നാണ് 5.4% ആയിരുന്ന റിപ്പോ നിരക്ക് 50 ബേസ് പോയിന്റ് ഉയർത്തിയത്. എല്ലാ ഫ്ളോട്ടിംഗ് റേറ്റ് റീടെയിൽ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ റിപ്പോ നിരക്കിൽ വരുന്ന മാറ്റം ഹോം ലോൺ, കാർ ലോൺ എന്നിവയിലും പ്രതിഫലിക്കും.
റിപ്പോ നിരക്ക് കൂടുന്നതോടെ ഉപഭോക്താവ് അടയ്ക്കേണ്ടി വരുന്ന ഇഎംഐയും വർധിക്കും. ധനനയപ്രഖ്യാപനത്തെ തുടർന്ന് സെൻസെക്സ് 270 പോയിൻറോളം താഴ്ന്നു. ഡോളർ- രൂപ അന്തരവും എൺപത്തിയൊന്നര രൂപയിൽ താഴ്ന്ന് നീങ്ങുകയാണ്. ഡിസംബറിൽ ചേരുന്ന അടുത്ത ധനനയാവലോകന യോഗത്തിൽ കൂടുതൽ വർധനവിന് തന്നെയാണ് സാധ്യത.