എകെജി സെൻ്റർ ആക്രമണത്തിന് പ്രതി ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടത്തെ നിന്നാണ് സ്കൂട്ടർ കണ്ടെടുത്തത്. എകെജി സെന്ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ്റെ കഴക്കൂട്ടത്തുള്ള സുഹൃത്തിൻ്റെ പേരിലുള്ള സ്കൂട്ടറാണിത്. ജിതിൻ്റെ സുഹൃത്തിൻ്റെ കഴക്കൂട്ടത്തെ വീട്ടിൽ നിന്നാണ് സ്കൂട്ടർ കണ്ടെടുത്തത്. കേസിലെ പ്രധാന തൊണ്ടി മുതൽ ഒളിപ്പിച്ചതിന് ഇയാൾക്കെതിരെയും കേസെടുക്കാൻ സാധ്യതയുണ്ട്. ജിതിൻ നടത്തിയ കുറ്റസമ്മതത്തിൽ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ ആരുടേതാണെന്ന് വ്യക്തമാക്കിയിരുന്നു.
ജിതിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ കണ്ടെത്തിയത്. കേസിൽ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പോലീസിൻ്റെ നിരീക്ഷണത്തിലുള്ള ഒരാളുടെ സ്കൂട്ടർ തന്നെയാണിത്. കേസിൽ പിടിക്കപെടാതിരിക്കാൻ തന്ത്രപരമായാണ് ജിതിൻ നീങ്ങിയിരുന്നതെന്ന് അനേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ശേഷം സ്കൂട്ടർ ഉപേക്ഷിച്ച ജിതിൻ മറ്റൊരു കാറിലാണ് രക്ഷപെട്ടത്.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ ജിതിൻ എകെജി സെന്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം.