കോവിഡ് കാലത്തെ അക്രമമില്ലാത്ത കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 1,10,000 ഓളം കേസുകൾ ആണ് കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെടുത്ത കേസുകളാണ് പിൻവലിക്കുന്നത്. സാമൂഹ്യ അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക എന്നിങ്ങനെയുള്ള കേസുകളാണ് പിൻവലിക്കാൻ തീരുമാനിച്ചത്. അതോടൊപ്പം പി എസ് സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടെടുത്ത കേസുകളും പിൻവലിക്കും.
പൊതുമുതൽ നശിപ്പിക്കുക, അക്രമം സൃഷ്ടിക്കുക തുടങ്ങി അക്രമസ്വഭാവമുള്ള കേസുകളിലെല്ലാം നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. കോവിഡ് സാഹചര്യത്തിൽ കടകൾ തുറന്ന് ആൾക്കൂട്ടമുണ്ടാക്കിയതും പൊതു ചടങ്ങുകളും ജാഥയും നടത്തിയതടക്കമുള്ള കേസുകൾ പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനം. പിൻവലിക്കേണ്ട കേസുകളെ സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ്, അഡിഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതിയാണ് കേസുകൾ പിൻവലിക്കാനുള്ള പൊതു മാനദണ്ഡം നിശ്ചയിക്കുക.