പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മറ്റി ഓഫീസ് ഇന്ന് പൂട്ടി സീൽ ചെയ്യും. കോഴിക്കോട് മീഞ്ചന്തയുടെ പരിസരത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള കോഴിക്കോട്ടെ പത്തോളം സ്ഥാപനങ്ങളും ഇന്ന് പൂട്ടിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലെ പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങൾ പൂട്ടി തുടങ്ങിയിരുന്നു. ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കരയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന പെരിയാർവാലി ക്യാംപസ് കെട്ടിടവും 67 സെന്റ് സ്ഥലവും എൻഐഎ ഏറ്റെടുത്തു.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനു പിന്നാലെ കർശനനടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം ഇതിൻ്റെ ഭാഗമാണ്. പോപ്പുലർ ഫ്രണ്ടിൻ്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി സീൽ വെക്കുന്നതിന് പുറമെ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കലക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുമാണ് നടപടികൾക്കുള്ള അധികാരം നൽകിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ബുധനാഴ്ചയാണ് പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ചുവർഷത്തേക്കാണ് നിരോധനം. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ പോപ്പുലർ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.