“കേട്ടുകേള്‍വിയുടെ പേരിലാണോ മുഖ്യമന്ത്രിയ്ക്കെതിരെ ഹര്‍ജി?” എന്ന് ജ്യോതികുമാര്‍ ചാമക്കാലയോട് തിരുവനന്തപുരം വിജിലൻസ് കോടതി ചോദിച്ച വിവരം മാധ്യമങ്ങളിൽ വന്നിട്ട് മണിക്കൂറുകളായി. പക്ഷേ, ഓൺലൈൻ മനോരമയിൽ മാത്രം ആ റിപ്പോർട്ടിതുവരെ വെളിച്ചം കണ്ടില്ല. സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് രഞ്ജി കുര്യാക്കോസ് ലീവിലാണോ ആവോ ?
ചോദിക്കാൻ കാരണമുണ്ട്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അങ്കം കൊടുമ്പിരിക്കൊണ്ട സമയം. ഇക്കഴിഞ്ഞ സെപ്തംബർ 23. ഓൺലൈൻ മനോരമയിൽ ഒരു പൊളപ്പൻ ഐറ്റം പ്രത്യക്ഷപ്പെട്ടു. വിജിലൻസ് കേസ്: പിണറായിക്ക് വിചാരണ? ‘വജ്രായുധം’ പുറത്തെടുക്കാൻ ഗവർണർ?… തലക്കെട്ട് കണ്ട് ലിങ്കിൽ ക്ലിക്കു ചെയ്തവർക്ക് ഓർമ്മയുണ്ടാകും. റെഞ്ചി കുര്യാക്കോസിൻ്റെ ബൈലൈൻ. ലേഖകൻ്റെ വട്ടത്തിൽ കത്രിച്ച ഫോട്ടോ… അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ ചെല്ലൂ. അവസാന പോസ്റ്റായി ഷെയർ ചെയ്യപ്പെട്ട് വെള്ളിവെളിച്ചം നുണഞ്ഞു നിൽക്കുന്ന കൃതി.
ഈ തലക്കെട്ടും വാർത്തയും വായിച്ച് പിണറായി ആകെ പേടിച്ചു വിറച്ചു കാണുമെന്ന് പറഞ്ഞാൽ മതിയല്ലോ. വെറും വിചാരണയാണെങ്കിൽ സഹിക്കാം. പക്ഷേ, വജ്രായുധമാണ്. പുറത്തെടുക്കുന്നതോ സാക്ഷാൽ ഗവർണറും. തലയുരുളും. ചോര നാലുപാടും തെറിക്കും. വാർത്ത വായിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ പലരും ബോധം കെട്ടു വീണു എന്നാണ് അനൗദ്യോഗിക വിവരം.
തലക്കെട്ടിനു തൊട്ടുതാഴെ ഫോട്ടോ. അതിനുള്ളിൽ പിസി ജോർജിൻ്റെ കുടവയർ വലിപ്പത്തിൽ അടുത്ത തലക്കെട്ട്. കേസെടുത്താൽ ആഭ്യന്തരവും വിജിലൻസും ഒഴിയും.
മനോരമ പ്രവചിച്ചാൽപ്പിന്നെ മറുവാക്കില്ലല്ലോ. ഏതു കേസ്, എന്താ സംഭവം എന്നറിയാൻ ആരിലും ആകാംക്ഷ നിറയും. സ്വാഭാവികം.
ഒന്നാമത്തെ പാരഗ്രാഫ് വായിച്ചു… ഏതു കേസെന്നോ കേസു കൊടുത്തത് ആരെന്നോ പറയുന്നില്ല.
രണ്ടാം പാരഗ്രാഫ് വായിച്ചു. എന്തു കേസാണെന്ന് അവിടെയുമില്ല. പക്ഷേ, ആരെയും ഞെട്ടിപ്പിക്കുന്ന, ഏത് ധൈര്യശാലിയുടെയും ഉഗ്രപ്രതാപത്തെ മുള്ളാൻ മുട്ടിക്കുന്ന ഒരു വിവരം അവിടെയുണ്ട്.
പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കഴിഞ്ഞ ദിവസം രാജ്ഭവനു നൽകിക്കഴിഞ്ഞു..
“നൽകിക്കഴിഞ്ഞു” എന്ന റെഞ്ചിക്കുര്യാക്കോസിൻ്റെ ആ പ്രയോഗമുണ്ടല്ലോ. എംടി വാസുദേവൻ നായർക്കോ മുരളീഗോപിയ്ക്കോ കഴിയില്ല, ഇവ്വിധം നാടകീയമായി ഒരു വാചകമെഴുതാൻ. “ഗോളിയില്ലാത്ത പെനാൽട്ടി ബോക്സിനു മുന്നിൽ മെസിക്കിതാ പാസ് കൈമാറിക്കഴിഞ്ഞു” എന്ന ഷൈജു ദാമോദരൻ അലറിവിളിയുടെ പ്രകമ്പനമുള്ള വാചകം. ചാമക്കാല കടലാസു നൽകിയാൽ പിണറായി വിജയനെന്നല്ല ആരായാലും ആഭ്യന്തരവും വിജിലൻസും ഒഴിയേണ്ടി വരും. അടുത്ത വണ്ടിയ്ക്ക് കാശിക്കോ കൈലാസത്തോ പോകേണ്ടിയും വരും.
ഏതു കേസിലാണ് കടലാസ്? അതുമറിയണമല്ലോ.
പാരഗ്രാഫുകൾ മൂന്നും നാലും വായിച്ചു. ഇല്ല. അഞ്ചും ആറും ഏഴും വായിച്ചു. അവിടെയുമില്ല. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം സസ്പെൻസ് ത്രില്ലർ പോലെയായി രഞ്ജികുര്യാക്കോസിൻ്റെ റിപ്പോർട്ട്. കാളമൂത്രം പോലെ പരന്നൊഴുകുന്ന പാരഗ്രാഫുകൾ. ഒന്നിലുമില്ല കേസിൻ്റെ വിവരം. വാർത്തയെഴുത്തിൽ ഇൻവെർട്ഡ് പിരമിഡ് സിദ്ധാന്തം ആവിഷ്കരിച്ചവരുടെ തന്തയും തള്ളയും വായനക്കാരുടെ സ്മരണയിൽ തുമ്മി മറിഞ്ഞു.
ഭാഗ്യം. അതാ കിടക്കുന്നു.
പത്താമത്തെ പാരഗ്രാഫിൽ കാര്യമുണ്ട്. ഇങ്ങനെ..
“കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ മുഖ്യമന്ത്രി എടുത്ത അമിത താൽപര്യം സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവും ആണെന്നും അദ്ദേഹത്തിന് എതിരെ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ജ്യോതികുമാർ ചാമക്കാല വിജിലൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്”.
“സ്വന്തം നാടായ കണ്ണൂരിലെ വിസിക്കു പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇതു സംബന്ധിച്ചു ഗവർണർക്കു മുഖ്യമന്ത്രി നൽകിയ കത്തുകളും ഗവർണർ തന്നെ പുറത്തുവിട്ടിരുന്നു. പരാതിയിൽ പ്രാഥമിക വാദം കേട്ട കോടതി, തുടർവാദത്തിനായി 29ലേക്ക് മാറ്റിയിരിക്കുകയാണ്”.
ഇന്ന് തീയതി 29. കോടതി വാദം കേട്ടു. എന്നിട്ടാണ് ‘കേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി?’ എന്ന് ചാമക്കാലയോട് ചോദിച്ചത്.
കഥയുടെ ബാക്കി റിപ്പോർട്ടർ ടിവി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു.
“വിസി നിയമനത്തിനായി മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചാമക്കാല ഹര്‍ജി നല്‍കിയത്. വിസി നിയമനത്തില്‍ അപാകതയില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു”.
അപ്പോൾ അതാണ് കാര്യം. ഗവർണറായിരുന്നു ചാമക്കാലയുടെ പിടിവള്ളി. അതേ ഗവർണർ സുപ്രിംകോടതിയിൽ വേറെ സത്യവാങ്മൂലം കൊടുത്ത് ചാമക്കാലയെ നേരത്തെ തേച്ചിട്ടുമുണ്ട്. വിജിലൻസ് കോടതിയ്ക്കു മുന്നിൽ വെയിലു കൊണ്ടിട്ടു കാര്യമില്ലെന്ന് ചുരുക്കം.
അപ്പോൾ രഞ്ജിക്കുര്യാക്കോസിൻ്റെ തലക്കെട്ടിലെ വജ്രായുധമോ? പിണറായി വിജിലൻസും ആഭ്യന്തരവും ഒഴിയുന്ന സ്വപ്നത്തിന്റെ കാര്യമോ?
സംഗതി മനോരമയാണ്. സ്വപ്നം, ഭാവന, ഉച്ചക്കിറുക്ക്, കുത്തിക്കഴപ്പ് തുടങ്ങി എന്തും തലക്കെട്ടാവും. ചിത്രത്തിൽ സൂക്ഷിച്ചു നോക്കൂ. മനോരമ ഓൺലൈൻ ക്രിയേറ്റീവ് എന്ന് മങ്ങിയ അക്ഷരങ്ങളിൽ സത്യവാങ്മൂലം കൊടുത്തിട്ടുണ്ട്. അതു ശ്രദ്ധിക്കാതെ വാർത്ത വിശ്വസിക്കുന്നതിന് മാനേജ്മെൻ്റ് എന്തു പിഴച്ചു?
മനോരമാ റിപ്പോർട്ടും വിശ്വസിച്ച് ഇനി മറ്റേപ്പുള്ളി വജ്രായുധം വല്ലതും ഓഡർ ചെയ്തു കാണുമോ ആവോ? ഗവർണറാണെന്നുവെച്ച് എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് സംശയിക്കാൻ പാടില്ലെന്നില്ല.