2047ൽ ഇന്ത്യ തങ്ങൾ ഭരിക്കുമെന്ന എസ്ഡിപിഐക്കാരുടെ പ്രസംഗം കേട്ട് ചിരിക്കാൻ വരട്ടെ. “അരിയും മലരും വീട്ടിൽ കാത്തുവെച്ചോളൂ, കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോളൂ, വരുന്നുണ്ട്.. വരുന്നുണ്ട് നിൻ്റെയൊക്കെ കാലന്മാർ” എന്ന മുദ്രാവാക്യം, പരമതവിദ്വേഷം നുരയുന്ന ഏതോ തലച്ചോറിൽ നിന്ന് അറിയാതെ പുറത്തു ചാടിയതുമല്ല. പോപ്പുലർ ഫ്രണ്ടിൻ്റെ മാസ്റ്റർ പ്ലാനിൽ കുത്തിനിറച്ച വെടിമരുന്ന് പലനിറങ്ങളിൽ പൊട്ടുന്നതാണ്. അത്യന്തം പ്രകോപനപരമായ ലക്ഷ്യങ്ങളും പ്രവർത്തനപദ്ധതികളും നിഗൂഢമായി പോപ്പുലർ ഫ്രണ്ട് രാജ്യത്ത് പ്രചരിപ്പിക്കുകയാണ് എന്ന് തെളിയിക്കുന്നതാണ് റെയിഡിൽ പിടിച്ചെടുത്തവ എന്ന പേരിൽ ലഭ്യമായ ലഘുലേഖ. സിമി എന്ന നിരോധിത സംഘടനയുടെ ആശയങ്ങളും ലക്ഷ്യങ്ങളുമാണ് ആ ലഘുലേഖയിൽ പോപ്പുലർ ഫ്രണ്ട് രാജ്യത്ത് പ്രചരിപ്പിച്ചത്.
അന്വേഷണ ഏജൻസികൾ പുറത്തുവിടുന്ന രേഖകളും വാദങ്ങളും ഉപ്പുകൂട്ടാതെ വിഴുങ്ങുന്നത് സ്വതന്ത്രമാധ്യമപ്രവർത്തനത്തിനു ചേർന്ന പണിയല്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജതെളിവുകളുണ്ടാക്കി നിരപരാധികളെ ജീവിതകാലം മുഴുവൻ ജയിലിടാൻ, ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരമുള്ളവരാണ് അന്വേഷണ ഏജൻസികൾ. ഈ അധികാരം നിഷ്ഠുരമായി വിനിയോഗിക്കപ്പെട്ടതിൻ്റെ തെളിവുകൾ നമ്മുടെ മുന്നിൽ ധാരാളമുണ്ട്. പ്രത്യേകിച്ച് മുസ്ലിങ്ങളെ ആസൂത്രിതമായി ലക്ഷ്യം വെയ്ക്കുമ്പോൾ. അതുകൊണ്ടുതന്നെ പരമോന്നത അന്വേഷണ ഏജൻസികൾ പുറത്തുവിടുന്നു എന്ന ഒറ്റക്കാരണത്താൽ ഒരു തെളിവും തൊണ്ട തൊടാതെ വിഴുങ്ങാനാവില്ല. പോപ്പുലർ ഫ്രണ്ടിനെതിരെ ആയാലും.
അതുപോലെ തന്നെയാണ് തീവ്രവാദ സംഘടനകളുടെ വാദങ്ങളും. അവയെയും ഒരിക്കലും കണ്ണടച്ചു വിശ്വസിക്കാൻ കഴിയില്ല. അവരും ഒരിക്കലും സത്യം പറയാറില്ല. അതുകൊണ്ടുതന്നെ പോപ്പുലർ ഫ്രണ്ടിനെതിരെ അന്വേഷണ ഏജൻസികൾ പ്രചരിപ്പിക്കുന്ന തെളിവുകളും മറ്റും സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാകണം. പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നിന്ന് പിടിച്ചെടുത്തത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന India 2047 – Towards Rule of Islam in India എന്ന ലഘുലേഖയെ അത്തരമൊരു പരശോധനയ്ക്കു വിധേയമാക്കുകയാണിവിടെ.
ഈ ലഘുലേഖ പോപ്പുലർ ഫ്രണ്ട് പ്രചരിപ്പിക്കുന്നതാണ് എന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്. ഒന്നാമത്തേത്, ലഘുലേഖയുടെ പിതൃത്വം പോപ്പുലർ ഫ്രണ്ട് നിഷേധിച്ചിട്ടില്ല; അതിലെ ആശയങ്ങളെയോ ലക്ഷ്യങ്ങളെയോ അവർ ഇന്നേവരെ തള്ളിപ്പറഞ്ഞിട്ടുമില്ല.
2047ൽ, ഇന്ത്യ സ്വതന്ത്രയായതിൻ്റെ നൂറാം വാർഷികത്തിൽ ഇന്ത്യയുടെ ഭരണം തങ്ങൾ പിടിച്ചെടുക്കും എന്ന് ലഘുലേഖ പ്രഖ്യാപിക്കുന്നു. ഇതേ ലക്ഷ്യം എസ്ഡിപിഐയുടെ ലോക്കൽ പൊതുയോഗങ്ങളിൽപ്പോലും മുഴങ്ങിക്കേൾക്കാറുണ്ട്. We have given ourselves a target of 2047 CE to bring about an Islamic Government in this country എന്നാണ് ലഘുലേഖയിലെ പരാമർശം. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കണം. പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ ഇസ്ലാമിക ഭരണത്തെക്കുറിച്ച് മിണ്ടില്ലെന്നേയുള്ളൂ. പക്ഷേ, ഭരണം പിടിക്കുമെന്ന് ലഘുലേഖയിലും പ്രസംഗത്തിലും അവകാശപ്പെടുുന്ന വർഷം ഒന്നു തന്നെയാണ്.
അതു യാദൃശ്ചികമെന്ന് കരുതാനാവില്ല. 2047 എന്ന വർഷത്തിന് പോപ്പുലർ ഫ്രണ്ടിൻ്റെ മറ്റൊരു രേഖയിലും പ്രാധാന്യമുണ്ട്. രാജ്യഭരണം പിടിച്ചെടുക്കുന്നതിന് സംഘടന ഒരു റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട് എന്നാണ് പിടിച്ചെടുക്കപ്പെട്ട ലഘുലേഖയിലെ അവകാശവാദം. എംപവർ ഇന്ത്യാ ഫൗണ്ടേഷൻ അതു തയ്യാറാക്കിയിട്ടുണ്ടെന്നാണ് പരാമർശം. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകളിലൊന്നാണ് എംപവർ ഇന്ത്യാ ഫൗണ്ടേഷൻ.
India 2047 – Empowering the People എന്ന പേരിൽ അവർ ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ടു തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രോജക്ടിൻ്റെ കോഡിനേറ്റർ ഇ എം അബ്ദുൽ റഹ്മാൻ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ പ്രമുഖനാണ്. അദ്ദേഹം കൈയൊപ്പിട്ട് അവതരിപ്പിച്ച 257 പേജുള്ള ഈ പ്രോജക്ട് രേഖയിലെ വാക്യങ്ങളും വാചകങ്ങളും ഖണ്ഡികകളും വാദങ്ങളും അതുപോലെ ലഘുലേഖയിലും ഇടംപിടിച്ചിട്ടുണ്ട്. ഈ പ്രോജക്ട് രേഖയെ ഏഴു പേജിൽ ആറ്റിക്കുറുക്കിയതാണ് India 2047 – Towards Rule of Islam in India എന്ന പ്രകോപനപരമായ ലഘുലേഖ. പ്രോജക്ടിൽ മയത്തിലും പൊതിഞ്ഞും പ്രച്ഛന്നമായും പറഞ്ഞിരിക്കുന്നതിനെ പച്ചയ്ക്ക് ലഘുലേഖ ലളിതമായി വിശദീകരിക്കുന്നു.
India 2047 – Empowering the People, India 2047 – Towards Rule of Islam in India എന്നീ തലക്കെട്ടുകളിലും ഒരു താക്കോലുണ്ട്. രണ്ടും കൂട്ടിയിണക്കിയാലോ. India 2047 – Empowering the People Towards Rule of Islam in India എന്നു കിട്ടും. രണ്ടു രേഖയും ഒന്നാകും. ഇതും യാദൃശ്ചികമെന്ന് കരുതാനാവില്ല.
വീണ്ടും ലഘുലേഖയിലേയ്ക്ക്. We dream a 2047 where the political power has returned to the Muslim community from whom it was unjustly taken away by the British Raj എന്നാണ് പോപ്പുലർ ഫ്രണ്ട് സ്വപ്നം കാണുന്നത്. അവർക്ക് ഇന്ത്യയുടെ അധികാരം വേണം. മുസ്ലിം ഭരണാധികാരികളിൽ നിന്ന് ബ്രിട്ടീഷുകാർ ആ അധികാരം കവർന്നെടക്കുകയായിരുന്നു എന്നാണവർ സ്ഥാപിക്കുന്നത്. മുസ്ലിങ്ങൾക്ക് തിരിച്ചു കിട്ടുന്നതിനുവേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് സമുദായത്തെ അവർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നുവെച്ചാൽ ആർഎസ്എസിനെയും ഹിന്ദുത്വയെയും ഫാസിസത്തെയും പ്രതിരോധിക്കുകയല്ല പോപ്പുലർ ഫ്രണ്ടിൻ്റെ ആത്യന്തിക ലക്ഷ്യം. ആ വാദം ഒരു മറയാണ്. ലക്ഷ്യം ഇസ്ലാമിക ഭരണം സ്ഥാപിക്കുകയാണ്. 2047ൽ അതു സാധ്യമാകണം. അതിനുവേണ്ടി എല്ലാം മറന്നു പ്രവർത്തിക്കണം. അതാണ് പ്രവർത്തകർക്ക് സംഘടന നൽകിയിരിക്കുന്ന ലക്ഷ്യം. ഇതു തന്നെയായിരുന്നു സിമിയുടെ ലക്ഷ്യവും.
തൊട്ടുമുകളിൽ ഉദ്ധരിച്ച വാചകത്തിൻ്റെ തുടർച്ച ഇങ്ങനെയാണ്: The roadmap towards this first starts with the socio-economic development of Muslim community for which a separate roadmap was already provided in the name of Empower India Foundation. ഈ ലക്ഷ്യം നേടാൻ വേറെ റോഡ് മാപ്പുണ്ട്. അതാണ് എംപവർ ഇന്ത്യാ ഫൗണ്ടേഷൻ ഇതിനകം തയ്യാറാക്കിയത്. എന്നുവെച്ചാൽ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള റോഡ് മാപ്പാണ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് സെമിനാർ വേദികൾക്കും വർക് ഷോപ്പുകൾക്കും വേണ്ടിയുള്ളതാണ്. വടിവാളും കൈമഴുവുമായി വെട്ടാനും കൊല്ലാനും നടക്കുന്നവർ ഇരുനൂറ്റമ്പത്തേഴു പേജും വായിച്ച് സമയം കളയണമെന്നില്ല. അവർക്കു വേണ്ടിയാണ് കാപ്സ്യൂൾ രൂപത്തിൽ ലഘുലേഖ. അതിൽ ഉപമയും ഉൽപ്രേക്ഷയും ബഹുസ്വരസമൂഹത്തെ കബളിപ്പിക്കുന്ന ഭാഷാ സർക്കസും എക്സെൽ ടേബിളുമില്ല. നേരേ ചൊവ്വേ കാര്യം പറഞ്ഞിട്ടുണ്ട്. ലക്ഷ്യം ഇസ്ലാമിക ഭരണം സ്ഥാപിക്കലാണ്. അതിന് കുറച്ച് ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കുകയും ആവശ്യം വരുമ്പോൾ ഉപയോഗിക്കുകയും വേണം. അതിനു പരിശീലനം നേടണം.
ഒരു ന്യൂനപക്ഷ സമുദായമെങ്ങനെ ഇന്ത്യ പോലൊരു രാജ്യത്തിൻ്റെ ഭരണം കൈയടക്കും? അതിനും പോപ്പുലർ ഫ്രണ്ടിന് ഉത്തരമുണ്ട്. അടുത്ത ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു. “ഇസ്ലാമിൻ്റെ ചരിത്രം നോക്കുകയാണെങ്കിൽ നാം എപ്പോഴും ന്യൂനപക്ഷമായിരുന്നു. വിജയിക്കാൻ നമുക്ക് ഭൂരിപക്ഷം വേണ്ട. മുസ്ലിം ജനസംഖ്യയുടെ പത്തുശതമാനം പോപ്പുലർ ഫ്രണ്ടിൻ്റെ പിന്നിൽ അണിനിരന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ മുട്ടുകുത്തിച്ച് രാജ്യത്ത് ഇസ്ലാമിൻ്റെ പ്രതാപം മടക്കിക്കൊണ്ടു വരാൻ കഴിയും”. അവലും മലരും കുന്തിരിക്കവും വാങ്ങിയിരിക്കുന്നവരുടെ കാലന്മാർ വരുന്നുണ്ട് എന്ന മുദ്രാവാക്യത്തിൻ്റെ ഉറവിടം ലഘുലേഖയിലെ ഈ വാചകമാണ്.
ഇതരമതസ്ഥരെ ആക്രമിച്ച്, മുട്ടുകുത്തിച്ച് രാജ്യഭരണം കൈക്കലാക്കാൻ ആയുധവും സ്ഫോടകവസ്തുക്കളും ശേഖരിക്കുന്നതിനെക്കുറിച്ചും കായിക പരിശീലനം നേടുന്നതിനെക്കുറിച്ചുമൊക്കെ പോപ്പുലർ ഫ്രണ്ട് ഈ ലഘുലേഖയിൽ അനുയായികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. എല്ലാ മുസ്ലിങ്ങളെയും പോപ്പുലർ ഫ്രണ്ടിനു കീഴിൽ അണിനിരത്തുക, ഇന്ത്യാക്കാരൻ എന്നതിനപ്പുറം, ഇസ്ലാമിക വ്യക്തിത്വം രൂപപ്പെടുത്തുക, പട്ടികജാതി, പട്ടികവർഗ ഒബിസി വിഭാഗങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുക, എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും അനുചരവൃന്ദത്തെ നിയമിക്കുക, പോലീസിലും സേനയിലും വിശ്വസ്തരായ മുസ്ലിങ്ങളെ നിയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം ലഘുലേഖയിലുണ്ട്.
രാജ്യവുമായി സമ്പൂർണ യുദ്ധത്തിനു തയ്യാറെടുക്കുമ്പോൾ പരിശീലനം സിദ്ധിച്ച കേഡർമാരുടെ മാത്രമല്ല, ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയുമുണ്ടാകുമെന്ന അവകാശവാദവും ലഘുലേഖയിലുണ്ട്. ഇസ്ലാമിൻ്റെ പതാകയേന്താൻ മുൻപന്തിയിൽ നിൽക്കുന്ന തുർക്കിയുമായി തങ്ങൾ നല്ല ബന്ധമുണ്ടാക്കിയെന്നാണ് പോപ്പുലർ ഫ്രണ്ടിൻ്റെ അവകാശവാദം.
ഈ ലഘുലേഖയിലെ അവകാശവാദങ്ങളും ലക്ഷ്യങ്ങളുമെല്ലാം നിരോധിത സംഘടനയായ സിമി ഉയർത്തിപ്പിടിച്ചതു തന്നെയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നടത്തിയോ, അക്രമത്തിലൂടെ വിജയിച്ചോ ഇന്ത്യയെ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1977 ഏപ്രിൽ 25നാണ് സ്റ്റുഡന്റ്സ് ഓഫ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ എന്ന സംഘടന രൂപം കൊണ്ടത്. ഖുർആനിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യജീവിതം നിയന്ത്രിക്കുക, ഇസ്ലാം പ്രചരിപ്പിക്കുക ഇസ്ലാമിനുവേണ്ടി ജിഹാദ് നടത്തുക എന്നിവയായിരുന്നു സിമിയുടെ ലക്ഷ്യങ്ങൾ. ദേശരാഷ്ട്ര സങ്കൽപത്തെയും ഭരണഘടനയെയും മതനിരപേക്ഷ ജീവിതത്തെയുമൊന്നും അംഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. മതനിരപേക്ഷത, ജനാധിപത്യം, ദേശീയത, ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ തുടങ്ങിയവയെല്ലാം അനിസ്ലാമികമാണെന്ന് വിധിയെഴുതി. വിഗ്രഹാരാധന പാപമാണെന്നു വിശ്വസിക്കുകയും അത് അവസാനിപ്പിക്കുന്നത് വിശുദ്ധമായ കർത്തവ്യമായി കരുതുകയും ചെയ്തു.
ഈ ലക്ഷ്യം നേടാൻ അക്രമത്തിൻ്റെയും ഹിംസയുടെയും മാർഗം സ്വീകരിക്കുന്നത് ദൈവഹിതമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സംഘടനയാണ് സിമി.
1982നും 1993നും ഇടയിൽ സിമിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം അബ്ദുൾ റഹ്മാനാണ് പോപ്പുലർ ഫ്രണ്ടിൻ്റെ വൈസ് ചെയർമാൻ. ഇദ്ദേഹമാണ് എംപവർ ഇന്ത്യ 2047 പ്രോജക്ടിൻ്റെ കോഡിനേറ്റർ. ആ പ്രോജക്ടിൻ്റെ ഗുളികരൂപമാണ് റെയിഡിൽ പിടിച്ചെടുത്ത ലഘുലേഖ. പോപ്പുലർ ഫ്രണ്ടിൻ്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന ലഘുലേഖയിൽ സിമിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും കടന്നുകൂടിയത് ഒട്ടും യാദൃശ്ചികമല്ല. ഈ സംഘടനകളെല്ലാം രൂപീകരിച്ചതും നയിക്കുന്നതുമൊക്കെ ഒരേ ആൾക്കാരാണ്.
പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയുടെ പ്രസിഡന്റാണ് ഇ അബൂബേക്കർ. അദ്ദേഹവും സിമിയുടെ കേരള ഘടകത്തിൻ്റെ നേതാവായിരുന്നു. സിമിയുടെയും എൻഡിഎഫിൻ്റെയും സ്ഥാപകനേതാക്കളിൽ പ്രധാനിയാണ് പോപ്പുലർ ഫ്രണ്ടിൻ്റെ നാഷണൽ എക്സിക്യൂട്ടീവ് മെമ്പറായ പ്രൊഫ. പി. കോയ.
സിമിയുടെ ആശയങ്ങളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ചു ചോദിച്ചാൽ വിചിത്രമായ മറുപടിയാണ് ലഭിക്കുക. ഒരിക്കൽ ദി പ്രിന്റിൽ പ്രൊഫസർ പി കോയയുടെ ഒരഭിമുഖം പ്രത്യക്ഷപ്പെട്ടു. സിമിയും എൻഡിഎഫും സമാന്തര സംഘടനകളാണെന്നും സിമി പത്തുവർഷം മുമ്പ് നിരോധിക്കപ്പെട്ടുവെന്നും അവരുടെ ആശയങ്ങൾ വ്യത്യസ്തമാണെന്നുമായിരുന്നു പ്രൊഫസർ കോയയുടെ വാദം. ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് ഇസ്ലാം മാത്രമാണ് പരിഹാരം എന്നാണ് സിമി വാദിച്ചതെന്നും എന്നാൽ, ഇതൊരു ബഹുസ്വര രാജ്യമാണെന്നും ധാരാളം മതങ്ങൾ രാജ്യത്തുണ്ടെന്നും ഒരിക്കലും തങ്ങൾ സിമിയുടെ ആശയങ്ങൾ അനുവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം ആ അഭിമുഖത്തിൽ അവകാശപ്പെട്ടു.
തമാശയെന്തെന്നുവെച്ചാൽ, രണ്ടു സംഘടനകളുടെയും സ്ഥാപകരിലൊരാളാണ് പ്രൊഫ. പി. കോയ. എന്നുവെച്ചാൽ ഇസ്ലാമിലൂടെ ഇന്ത്യയെ മോചിപ്പിക്കാൻ സിമിയുണ്ടാക്കാനും പ്രൊഫ. കോയയുണ്ട്. ബഹുസ്വരത അംഗീകരിക്കുന്ന പോപ്പുലർ ഫ്രണ്ടുണ്ടാക്കാനും പ്രൊഫ. കോയയുണ്ട്. എന്നിട്ട് അതേ കോയ തന്നെ പറയുന്നു, രണ്ടു സംഘടനകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്. ഒരു സംഘടനയുടെ ആശയം മറ്റേ സംഘടന അനുവർത്തിക്കാൻ ശ്രമിച്ചില്ലെന്ന്. ആകെ എത്ര കോയയുണ്ടെന്ന് മോഹൻ ലാൽ ഏതോ സിനിമയിൽ വെറുതേ ചോദിച്ചതല്ല.
ഇതുകൊണ്ടാണ് തീവ്രവാദികളുടെ വാദവും ഉപ്പു തൊടാതെ വിഴുങ്ങാൻ കഴിയില്ല എന്ന് ഈ ലേഖനത്തിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ചത്. അക്രമത്തിൻ്റെ യും ആയുധത്തിൻ്റെയും വഴിയിലൂടെയാണെങ്കിലും ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിന് 1977ൽ ജന്മമെടുക്കുകയും പിന്നീട് അതേ അക്രമപ്രവർത്തനങ്ങളുടെ പേരിൽ നിരോധിക്കപ്പെടുകയും ചെയ്ത സിമിയുടെ പ്രച്ഛന്ന വേഷം തന്നെയാണ് പോപ്പുലർ ഫ്രണ്ട്. പ്രസംഗത്തിലും പ്രവൃത്തിയിലും മുദ്രാവാക്യത്തിലും ലഘുലേഖയിലും നിന്ന് സിമിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും മറച്ചുപിടിക്കാൻ എത്ര ശ്രമിച്ചാലും പോപ്പുലർ ഫ്രണ്ടിന് കഴിയല്ല. അതിൻ്റെ തെളിവാണ് അവരുടെ നേതാക്കളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത India 2047 ലഘുലേഖ.