രാജസ്ഥാന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചതോടെ സച്ചിന് പൈലറ്റിൻ്റെ നീക്കങ്ങള്‍ നിര്‍ണായകമാകും. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഗെഹ്ലോട്ട് വിട്ടുവീഴ്ച നടത്തുമെന്നായിരുന്നു സച്ചിന് ക്യാംപിൻ്റെ പ്രതീക്ഷ. എന്നാല്‍ കൂടിക്കാഴ്ചയിലും നിരാശയായിരുന്നു ഫലം. നിലവിലെ സാഹചര്യത്തില്‍ 90ലേറെ എംഎല്‍എമാരുടെ പിന്തുണയുള്ള ഗെഹ്ലോട്ടിനെ രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ഹൈക്കമാന്റ് ധൈര്യപ്പെടില്ല. അത് പഞ്ചാബിന് സമാനമായ സാഹചര്യമുണ്ടാക്കുമെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് അധികാരമില്ലാത്ത സച്ചിൻ്റെ തുടര്‍നീക്കങ്ങള്‍ നിര്‍ണായകമാകുന്നത്.
സച്ചിന് പൈലറ്റ് ഇന്ന് വൈകീട്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ മുന്നോട്ട് വയ്ക്കാനാണ് സാധ്യത. നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസിൻ്റെ ചുമതലുയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം സച്ചിന് പൈലറ്റിന് ഹൈക്കമാന്റ് വാഗ്ദാനം ചെയ്തിരുന്നു. അന്ന് സച്ചിന് അത് നിരസിച്ചത് രാജസ്ഥാന് മുഖ്യമന്ത്രി കസേരയില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു. രാജസ്ഥാന് കോണ്‍ഗ്രസില്‍ തമ്മിലടിയുണ്ടായതിന് പിന്നാലെ ബിജെപി സച്ചിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
വാതില്‍ തുറന്നിട്ടിരിക്കുന്നു, സച്ചിന് പൈലറ്റിനെ സ്വാഗതം ചെയ്ത് ബിജെപി