തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സൂപ്രണ്ടിംഗ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് റോഡ് പരിശോധിക്കും. എല്ലാ 45 ദിവസങ്ങൾക്കും ഇടയ്ക്കായി റോഡുകളിൽ പരിശോധന നടത്തും. ഫീൽഡിൽ കൂടുതലായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും. ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഉദ്യോഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തീർഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട്. റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരും. ചിലയിടങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.