അഹമ്മദാബാദ്: നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത നാല് മുസ്ലിം യുവാക്കൾക്ക് അതിക്രൂര മർദ്ദനം. അഹമ്മദാബാദിലാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ പ്രവർത്തകരാണ് യുവാക്കളെ മർദിച്ചത്. ‘ലൗ ജിഹാദ്’ തടയാൻ വേണ്ടിയാണ് യുവാക്കളെ പിടികൂടിയതെന്ന് സംഘടനാ വക്താക്കൾ അറിയിച്ചു.
നവരാത്രി ആഘോഷ വേദികളിൽ മറ്റ് മതസ്ഥർ പങ്കെടുക്കുന്നത് തടയാൻ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ വളണ്ടിയർമാർ രണ്ടിടത്ത് പരിശോധന നടത്തിയിരുന്നു. ഗർബ ഗ്രൗണ്ടിൽ നിന്ന് 4 മുസ്ലീം യുവാക്കളെ സംഘടന പിടികൂടി. ചോദ്യം ചെയ്യലിനിടെ ചിലർ ഇവരെ ക്രൂരമായി മർദിക്കുകയും യുവാക്കളെ പുറത്തേക്ക് തല്ലിയോടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഉണ്ടായ സംഭവത്തിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്.
“ചൊവ്വാഴ്‌ച 40 ഓളം പ്രവർത്തകർ രണ്ട് ഗർബ വേദികൾ സന്ദർശിക്കുകയും പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇടയിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും മറ്റ് സമുദായങ്ങളിലോ മതങ്ങളിലോ ഉള്ള പുരുഷന്മാരോട് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി” ഗുജറാത്ത് വിഎച്ച്പി വക്താവ് ഹിതേന്ദ്രസിങ് രജ്പുത് പറഞ്ഞു.
ലൗ ജിഹാദ് തടയാൻ എല്ലാ വർഷവും സർപ്രൈസ് പരിശോധനകൾ നടത്താറുണ്ടെന്ന് ബജ്‌റംഗ്ദൾ ഗുജറാത്ത് വിദ്യാർത്ഥി യൂണിറ്റ് പ്രസിഡന്റ് ഉജ്വൽ സേത്ത് പറഞ്ഞു. നവരാത്രിയുടെ വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണാത്മക നടപടിയുണ്ടാകുമെന്ന് വിഎച്ച്പിയും ഭീഷണിപ്പെടുത്തി. എന്നാൽ സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു.