എകെജി സെൻ്റര്‍ ആക്രമക്കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യമില്ല. ജിതിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജിതിന് ജാമ്യം നല്‍കരുതെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. പ്രതി അന്വേഷണവുമായി സഹകരിച്ചില്ലെന്നും പ്രതിക്ക് ജാമ്യം നല്കിയാല് അത് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
കേസില്‍ കൂടുതല്‍ പ്രതികളെയടക്കം കണ്ടെത്താനുണ്ട്, മുമ്പും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കും, നിരോധിത രസവസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചുള്ള സ്ഫോടനം നടത്തിയ ജിതിൻ്റെ കൃത്യം വ്യാപ്തിയുള്ള കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ക്രൈംബ്രാഞ്ച് ജാമ്യാപേക്ഷയെ എതിര്‍ത്തത്.
സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. ഈ മാസം 22നായിരുന്നു എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.