പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അനുഭാവികളെയും നിരീക്ഷിക്കണമെന്നും നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നുമാണ് നിർദേശം.
കേന്ദ്ര നിർദേശത്തെ തുടർന്ന് ഇന്ന് രാവിലെ സംസ്ഥാന ഇന്റലിജൻസ് എഡിജിപിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം പോപ്പുലർ ഫ്രണ്ടിലും അനുബന്ധ സംഘടനകളിലും പ്രവർത്തിച്ചവരെ നിരീക്ഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ലോ ആൻഡ് ഓർഡർ എഡിജിപി നിർദേശം നൽകി. നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യാനെത്തുമ്പോൾ ഏതെങ്കിലും രീതിയിലുള്ള സംഘർഷം ഉണ്ടാവുകയാണെങ്കിൽ അത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശത്തിലുണ്ട്.
ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അഞ്ചുവർഷത്തേയ്ക്കാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. യുഎപിഎ നിയമത്തിൻ്റെ 35-ാം വകുപ്പു പ്രകാരമാണ് നടപടി. ഈ നിയമപ്രകാരം ഇതുവരെ 42 സംഘടനകളെ നിരോധിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് പുറമെ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.