കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിക്ക് നേരെയുണ്ടായ അക്രമത്തിൽ നഷ്ടപരിഹാരം തേടി കെഎസ്ആർടിസി കേരള ഹൈക്കോടതിയെ സമീപിച്ചു. 58 ബസുകൾ തകർത്തതായും 10 ജീവനക്കാർക്ക് പരുക്കേറ്റതായും ഹർജിയിൽ പറയുന്നു. കെഎസ്ആർടിസിയ്ക്ക് അഞ്ച് കോടി രൂപ നഷ്ടം സംഭവിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ അക്രമത്തിലുണ്ടായ നാശനഷ്ടങ്ങളുടെ തുക അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിൻ്റെ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
അതേസമയം ഹർത്താൽ ദിനത്തിൽ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 309 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ്. വിവിധ അക്രമങ്ങളിൽ പ്രതികളായ 1404 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു. ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 34 കേസുകൾ. 215 അറസ്റ്റുകൾ രേഖപ്പെടുത്തിയ കോട്ടയത്താണ് കൂടുതൽ അറസ്റ്റുകൾ.