എകെജി സെൻ്റര്‍ ആക്രമക്കേസ് പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിൻ്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത് മറ്റന്നാളേക്ക് മാറ്റിയത്. എകെജി സെൻ്ററിൽ എറിഞ്ഞത് നിരോധിത രസവസ്തുവാണ്, ഫോറൻസിക് പരിശോധനയിൽ നിരോധിത രാസവസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തി, പൊട്ടാസ്യം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ പ്രതികളെയടക്കം കണ്ടെത്താനുമുണ്ട്. അതുകൊണ്ട് പ്രതി ജിതിന് ജാമ്യം നല്‍കരുതെന്നായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. അതേസമയം ഏത് നിബന്ധനകളും പാലിക്കാം ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം പറഞ്ഞു.
നാല് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജിതിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ അടുത്ത മാസം ആറുവരെ റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടെയായി ഇന്നലെ പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി. പൊലീസ് വാഹനം ഒഴിവാക്കി അതീവ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.