കേന്ദ്രമന്ത്രിയുടെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. കേന്ദ്ര എം എസ് എം ഇ വകുപ്പ് മന്ത്രി നാരായൺ റാണെയുടെ ജുഹുവിലെ ബംഗ്ലാവിൻ്റെ ഭാഗങ്ങൾ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. രണ്ടുമാസത്തിനകം പൊളിച്ചില്ലെങ്കിൽ കോർപറേഷൻ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നാരായൺ റാണെയുടെ കുടുംബത്തിൻ്റെ നേതൃത്വത്തിലുള്ള കാൽക്ക റിയൽ എസ്റ്റേറ്റ്സ് കമ്പനിയുടേതാണ് ബംഗ്ലാവ്.
നേരത്തെ നാരായൺ റാണെയുടെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്ന് ബോംബെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഈ വിധി ചോദ്യം ചെയ്തുകൊണ്ട് നാരായൺ റാണെ നൽകിയ ഹർജിയിലാണ് കേന്ദ്രമന്ത്രിക്ക് തിരിച്ചടിയേറ്റത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ റാണെ, ഫ്ലോർ സ്പേസ് ഇൻഡക്സും, തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങളും ലംഘിച്ചാണെന്ന് നിർമ്മാണം നടത്തിയതെന്ന് ബോംബെ കോടതി കണ്ടെത്തിയിരുന്നു.
ജസ്റ്റിസ് ആർ.ഡി ധനുക, കമൽ ഖാത എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, കേസിൽ കേന്ദ്രമന്ത്രിക്ക് പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. നാരായൺ റാണെയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിന്, അനുവദിച്ചതിലും കൂടുതൽ നിലകൾ ഉള്ളതായി കണ്ടെത്തിയ കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ ഉത്തരവിടുകയായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റിയതിനു ശേഷം മുബൈ മുനിസിപ്പൽ കോർപ്പറേഷനോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.