സുപ്രീംകോടതി നടപടികള്‍ ഇന്ന് മുതല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഭരണഘടന ബെഞ്ചിലെ നടപടികളാണ് ആദ്യം യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത്. പിന്നീട് കൂടുതല്‍ ബെഞ്ചുകള്‍ ഉള്‍പ്പെടുത്തും. ഫോണുകളിലും ലാപ്ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും തടസ്സമില്ലാതെ സുപ്രീംകോടതി നടപടികള്‍ കാണാന്‍ കഴിയും.
സംപ്രേഷണത്തിനായി സുപ്രീംകോടതി സ്വന്തം പ്ലാറ്റ്ഫോം ഉണ്ടാക്കും. യൂട്യൂബ് ഉപയോഗിക്കുന്നത് താല്‍ക്കാലികമായാണ്. നിലവില്‍ രാജ്യത്ത് ആറ് ഹൈകോടതികള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലായിരുന്നു തീരുമാനം.
ഭരണഘടനാ പ്രാധാന്യമുള്ള കേസുകള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് 2018ല്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാല് വര്‍ഷത്തിന് ശേഷം കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള തീരുമാനം.