രാജസ്ഥാന് കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരവെ വിഷയത്തില്‍ മൗനം തുടര്‍ന്ന് സച്ചിന് പൈലറ്റ്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന് തൻ്റെ അനുയായികളെ കൊണ്ട് അശോക് ഗെഹ്ലോട്ട് രാജി നാടകമടക്കം കളിച്ചിട്ടും സച്ചിന് പൈലറ്റ് ഇതുവരെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സോണിയാ ഗാന്ധിയുടെ അന്തിമ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് സച്ചിന്. സോണിയയുടെ തീരുമാനം വന്ന ശേഷം പരസ്യപ്രതികരണവും തുടര്‍ നടപടികളും മതിയെന്നാണ് സച്ചിന് പൈലറ്റ് ക്യാംപിൻ്റെ നിലപാട്.
ഹൈക്കമാന്റ് പിന്തുണയുണ്ടായിട്ടും ഗെഹ്ലോട്ട് തനിക്കെതിരെ നടത്തിയ നീക്കത്തില്‍ കടുത്ത നിരാശയിലാണ് പൈലറ്റ്. എങ്കിലും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കാര്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ധൃതി പിടിച്ച് തീരുമാനങ്ങളെടുക്കുന്നതില്‍ കാര്യമില്ലെന്നാണ് സച്ചിന് പൈലറ്റിൻ്റെ വിലയിരുത്തല്‍. വിമത ശബ്ദമുയര്‍ത്തി രണ്ട് വര്‍ഷം മുന്‍പ് 18 എംഎല്‍എമാരെയും കൊണ്ട് ഹരിയാനയിലേക്ക് പോയ സച്ചിന് ആ 18 പേരില്‍ ചുരുങ്ങിയത് നാല് പേരുടെയെങ്കിലും പിന്തുണ ഇന്ന് കുറഞ്ഞിട്ടുണ്ട്.
രാജസ്ഥാനിലെത്തിയ കോണ്‍ഗ്രസ് നിരീക്ഷകര്‍ സോണിയയ്ക്ക് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. അശോക് ഗെഹ്ലോട്ട് ഇന്ന് സോണിയയെ കാണാനും സാധ്യതയുണ്ട്. ഇതിന് ശേഷമാകും ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരണമോ വേണ്ടയോ എന്നതില്‍ തീരുമാനം. ഇത് രണ്ടാം തവണയാണ് സച്ചിന് പൈലറ്റിന്റെ മുഖ്യമന്ത്രി സ്വപ്നങ്ങള്‍ക്ക് ഗെഹ്ലോട്ട് തടയിടുന്നത്. അതിനാല്‍ തന്നെ സൂക്ഷിച്ച് ചുവടുവയ്ക്കാനാണ് പൈലറ്റിന്റെ തീരുമാനം.