ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൺസൺ മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പോക്സോ കേസിലെ ആരോപണങ്ങൾ ഗൗവമേറിയത് ആണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. കോടതിയുടെ നിരീക്ഷണങ്ങളെ തുടർന്ന് ജാമ്യത്തിനായി നൽകിയ ഹർജി മോൻസൻ്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പിൻവലിച്ചു.
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവും, സഹോദരനും മോൻസൻ്റെ ജീവനക്കാർ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരന്തരം പെൺകുട്ടിയെ പീഡിപ്പിച്ച മോൺസന് ജാമ്യം അനുവദിക്കാൻ ആകില്ലെന്നും ജസ്റ്റിസുമാരായ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് ജാമ്യം ഹൈക്കോടതി നിഷേധിച്ചതെന്ന് മോൺസൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പതിനെട്ട് സാക്ഷികളുടെ വിചാരണ ഇതിനോടകം പൂർത്തിയായെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും മോൺസൻ്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു എന്നാൽ ഈ വാദവും കോടതി അംഗീകരിച്ചില്ല.