രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കിയേക്കില്ല. മുൻ ദേശീയ ജനറൽ സെക്രട്ടറിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വിഗ് വിജയ് സിംഗ്, ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ വാസ്നിക് എന്നിവരിൽ ആരെങ്കിലും അധ്യക്ഷനായേക്കും. കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന അശോക് ഗലോട്ടിൻ്റെ തീരുമാനത്തിൽ ഹൈക്കമാന്റ് കടുത്ത അതൃപ്തിയിലാണ്. വിലപേശൽ നടത്തിയ അശോക് ഗലോട്ടിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധി കുടുംബം ഗലോട്ടിനുള്ള പിന്തുണ പിൻവലിക്കാൻ ആലോചിക്കുന്നത്.
അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും ആർക്കും മത്സരിക്കാമെന്നും 30 വരെ കാത്തിരിക്കൂവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താൽ അശോക് ഗലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. ഗാന്ധി കുടുംബത്തിൽ നിന്ന് മത്സരിക്കാൻ ആരുമില്ലെന്നത് ആശങ്കാജനകമല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാൻ അവകാശമുണ്ട്. ഒരു വ്യക്തിക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അവരെ മത്സരിക്കാൻ നിർബന്ധിക്കാൻ കഴിയില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ 90 ശതമാനം കോൺഗ്രസ് എംഎൽഎമാരും രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഗലോട്ട് പക്ഷ എംഎൽഎമാരാണ് രാജി ഭീഷണി മുഴക്കിയത്. ഈ സാഹചര്യത്തിൽ സച്ചിൻ പൈലറ്റ് പ്രിയങ്ക ഗാന്ധിയെ കണ്ട് അശോക് ഗലോട്ടിനെതിരെ പരാതി അറിയിച്ചിരുന്നു.