രാജസ്ഥാൻ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിൻ്റെ കൈവെള്ളയിൽ നിന്ന് തട്ടിയെടുക്കാനുള്ള തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടുമ്പോൾ, അശോക് ഗലോട്ട് തീർക്കുന്നത് രണ്ടു വർഷം പഴക്കമുള്ള കണക്കുകൾ. 92 എംഎൽഎമാരെയും എതിർപക്ഷത്തെ പ്രധാനിയായിരുന്ന സ്പീക്കർ സി പി ജോഷിയെയും മുന്നിൽ നിർത്തി അശോക് ഗലോട്ട് എന്ന തന്ത്രജ്ഞൻ കളം കൈയടക്കുമ്പോൾ സ്വന്തം ബുദ്ധിമോശത്തെ പഴിക്കുകയാവും സച്ചിൻ പൈലറ്റെന്ന യുവ തുർക്കി.
2018ൽ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയപ്പോൾത്തന്നെ മുഖ്യമന്ത്രിപദത്തിലേയ്ക്ക് സച്ചിൻ നോട്ടമെറിഞ്ഞിരുന്നു. അന്നു പക്ഷേ, നറുക്കുവീണത് ഗലോട്ടിന്. സച്ചിന് ഉപമുഖ്യമന്ത്രി പദവും പിസിസി പ്രസിഡൻ്റ് സ്ഥാനവും. അതായിരുന്നു ഒത്തുതീർപ്പ്.
2020 ജൂലൈയിൽ സച്ചിൻ ഒരു കളി കളിച്ചു നോക്കി. ഗലോട്ടിനെ മറിച്ചിടാൻ 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി അദ്ദേഹം ദില്ലിയ്ക്ക് പറന്നു. ഒപ്പം 18 എംഎൽഎമാരുമുണ്ടായിരുന്നു. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കി.
ബിജെപി ചോര മണത്തു. കോൺഗ്രസിലെ സംഘർഷം മുതലെടുത്താൽ 73 എംഎൽഎമാരുള്ള പാർടിയ്ക്ക് ഭരണം പിടിക്കാമെന്ന സാധ്യത അവരെ ആവേശം കൊള്ളിച്ചു. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേക്കേറിയ ജ്യോതിരാജാദിത്യ സിന്ധ്യയുടെ വസതിയിൽ സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ചയും നടന്നു. സച്ചിൻ പൈലറ്റിനെപ്പോലൊരു യുവാവിനെ അധികാരമേൽപ്പിക്കാൻ തയ്യാറാകാത്ത കോൺഗ്രസിനെയും ഗലോട്ടിനെയും ബിജെപിയുടെ രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ രൂക്ഷമായി വിമർശിച്ചു.
മറുവശത്ത് കോൺഗ്രസ് ഹൈക്കമാൻഡ് ഗലോട്ടിനൊപ്പം ഉറച്ചു നിന്നു. പാർടിയിൽ നിന്ന് ആർക്കുവേണമെങ്കിലും ബിജെപിയിൽ ചേരാമെന്നും ആരും തടസം നിൽക്കില്ലെന്നും രാഹുൽ ഗാന്ധി പ്രസ്താവിച്ചതോടെ, സച്ചിൻ പൈലറ്റിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. നിയമസഭയിൽ വിശ്വാസപ്രമേയം കൊണ്ടുവരാൻ അശോക് ഗലോട്ടും തീരുമാനിച്ചു.
ഹൈക്കമാൻഡിനെ പ്രതിനിധീകരിച്ചെത്തിയ രൺദീപ് സിംഗ് സുർജേവാല, അജയ് മാക്കാൻ, അവിനാശ് പാണ്ഡേ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ ക്ഷണിച്ചെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ സച്ചിനും എംഎൽഎമാരും തയ്യാറായില്ല. പാർടി ഹൈക്കമാൻഡിനെ അനുസരിക്കാൻ കൂട്ടാക്കാതിരുന്ന സച്ചിൻ പൈലറ്റിനെ ഉപ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു.
സച്ചിൻ അനുകൂലികളായ വിശ്വേന്ദ്രസിംഗിനെയും രമേഷ് ചന്ദ് മീണയെയും മന്ത്രിസ്ഥാനത്തു നിന്ന് ഗലോട്ട് പുറത്താക്കി. വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോതസരയെ പിസിസി പ്രസിഡൻ്റാക്കി. യൂത്ത് കോൺഗ്രസിൻ്റെയും സേവാദളിൻ്റെയും സംസ്ഥാന അധ്യക്ഷൻമാരെ കോൺഗ്രസ് നേതൃത്വവും പുറത്താക്കി. സച്ചിൻ പൈലറ്റിന്റെ സമ്മർദ്ദങ്ങൾക്ക് ഒരിഞ്ചും വഴങ്ങില്ലെന്ന് കോൺഗ്രസ് നേതൃത്വം അസന്നിഗ്ധമായി വ്യക്തമാക്കി.
രാജി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ് ജൂലൈ 15ന് പത്രസമ്മേളനം വിളിച്ചു. അമിത് ഷായും ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജയെ സംസ്ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തി.
പക്ഷേ, ഒന്നും നടന്നില്ല. പത്രസമ്മേളനം സച്ചിൻ പൈലറ്റ് റദ്ദാക്കി. ദീർഘമായ ചർച്ചകളും വൻഅഭ്യൂഹങ്ങളും നിറഞ്ഞു നിൽക്കെ 2020 ആഗസ്റ്റ് 14 ഗലോട്ട് മന്ത്രിസഭ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നേരിടാൻ തീരുമാനിക്കപ്പെട്ടു. ആഗസ്റ്റ് 10ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സച്ചിൻ പൈലറ്റ് വീണ്ടും രാഹുൽ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും സന്ദർശിച്ചു. ഒടുവിൽ അശോക് ഗലോട്ടിനെയും.
ദ്രുതഗതിയിൽ മഞ്ഞുരുകിയതോടെ, അശോക് ഗലോട്ട് വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. എല്ലാ കോൺഗ്രസ് എംഎൽഎമാരും വിശ്വാസവോട്ടെടുപ്പിൽ പാർടി വിപ്പ് അനുസരിച്ച് വോട്ടു ചെയ്യാൻ നിയമസഭയിലെത്തി. എന്നാൽ കോൺഗ്രസിലെ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ, സ്വപ്നം തകർന്ന ബിജെപി വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
മുഖ്യമന്ത്രിയാകാൻ അന്നു കളിച്ച കളിയാണ് സച്ചിൻ പൈലറ്റിന് ഇന്ന് വിനയായത്. സർക്കാരിനെ അസ്ഥിരപ്പെടുത്താനും ബിജെപിയ്ക്ക് അവസരമുണ്ടാക്കാനും കൈവിട്ട കളി കളിച്ച സച്ചിൻ പൈലറ്റിനെ ഒരുകാരണവശാലും മുഖ്യമന്ത്രിയാക്കില്ല എന്ന വാശിയിലാണ് ഗലോട്ട് പക്ഷം. പുറത്തുവരുന്ന വാർത്തകൾ പ്രകാരം, നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം അവർക്കാണ്. ഹൈക്കമാൻഡിനെ അനുസരിച്ച് കോൺഗ്രസ് പ്രസിഡൻ്റാകാനും ഒരാൾക്ക് ഒരു പദവി എന്ന തത്ത്വം അംഗീകരിക്കാനും അശോക് ഗലോട്ട് തയ്യാറാണ്. പക്ഷേ, ഒരു വ്യവസ്ഥ മാത്രം.
രാജസ്ഥാനിലെ അടുത്ത മുഖ്യമന്ത്രിയെ താൻ തീരുമാനിക്കും. അത് സച്ചിൻ പൈലറ്റ് ആകില്ല എന്ന സന്ദേശം ഹൈക്കമാൻഡിനു കൂടി നൽകാനുള്ള തന്ത്രങ്ങളാണ് ജയ്പൂരിൽ അരങ്ങേറുന്നത്.