ജയ്പൂർ : കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന അശോക് ഗലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റുന്നതിനെതിരെ രാജസ്ഥാനിലെ കോൺഗ്രസിൽ കൂട്ടക്കലാപം. ഗലോട്ടിനെ അനുകൂലിക്കുന്ന എല്ലാ കോൺഗ്രസ് എംഎൽഎമാരും രാജിവെയ്ക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്. ഗലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയാൽ 92 എംഎൽഎമാർ രാജിവെയ്ക്കുമെന്ന് മന്ത്രി പ്രതാപ് സിംഗ് ഖജരിയവാസ് ഭീഷണി മുഴക്കി. അതേസമയം 82 എംഎൽഎമാരും സ്പീക്കർ സിപി ജോഷിയ്ക്ക് രാജിക്കത്തു നൽകിയെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും സ്വതന്ത്ര എംഎൽഎയുമായ സന്യാം ലോധ സ്ഥിരീകരിച്ചു. ആകെ 100 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. എന്നാൽ ഗലോട്ടിന്റെ അനുയായിയെ മാത്രമേ മുഖ്യമന്ത്രിയായി അംഗീകരിക്കൂ എന്ന കടുത്ത വാശിയിലാണ് മഹാഭൂരിപക്ഷം എംഎൽഎമാരും. 2020ൽ സംസ്ഥാന സർക്കാരിനെതിരെ കലാപമുണ്ടാക്കിയവരെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് അംഗീകരിക്കുന്ന പ്രശ്നമേയില്ല എന്നാണ് അവരുടെ നിലപാട്.
ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കാനുമാണ് കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് എത്തിച്ചേർന്നത്. എന്നാൽ എംഎൽഎമാർ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ കൂട്ടാക്കിയില്ല. ഹൈക്കമാൻഡ് നിർദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ ക്യാംപിന്റെ ആവശ്യം. എന്നാൽ റിപ്പോർട്ടുകളനുസരിച്ച് സച്ചിൻ പക്ഷത്ത് പത്ത് എംഎൽഎമാർ പോലും തികച്ചില്ല.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയാ കുടുംബത്തിന്റെ പിന്തുണ ഗലോട്ട് ഉറപ്പു വരുത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറല്ല. നേരത്തേ സച്ചിൻ പക്ഷത്തു നിന്നിരുന്ന സ്പീക്കർ സി.പി.ജോഷിയെ മുന്നിൽ നിർത്തിയാണ് അശോക് ഗെലോട്ട് നീക്കങ്ങൾ നടത്തുന്നത്. ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്നയാളെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്ന കടുത്ത നിലപാടിലാണ് ഗലോട്ട്. എംഎൽഎ ശാന്തി ധരിവാൾ, പിസിസി അധ്യക്ഷൻ ഗോവിന്ദ് ദോതസര എന്നിവരും മുഖ്യമന്ത്രി പദമോഹികളാണ്.