കേരളത്തിലെ പ്രമുഖരെ വധിക്കാനായി പിഎഫ്ഐ നടത്തിയ വധഗൂഢാലോചനയുടെ ഹിറ്റ്ലിസ്റ്റ് പുറത്തുവിടില്ലെന്ന് എൻഐഎ. വിശദാംശങ്ങൾ പുറത്തു വരുന്നതു സാമുദായിക അന്തരീക്ഷം കലുഷിതമാക്കുമെന്ന ആശങ്കയെ തുടർന്നാണു തീരുമാനം. ഹിറ്റ്ലിസ്റ്റ് യഥാരൂപത്തിൽ കോടതിയിൽ സമർപ്പിക്കാനും സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ നടത്തിയ വധശ്രമ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് എൻഐഎ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കേസിലെ രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് എജ്യുക്കേഷൻ വിഭാഗം ദേശീയ ഇൻ ചാർജ് കരമന അഷറഫ് മൗലവി, 4 മുതൽ 11 വരെ പ്രതികളായ പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, മേഖലാ സെക്രട്ടറി ഷിഹാസ്, നടക്കാവ് ഡിവിഷൻ ജോ. കൺവീനർ പി. അൻസാരി, ഈരാറ്റുപേട്ട നടയ്ക്കൽ ഡിവിഷനൽ കൺവീനർ എം.എം. മുജീബ്, മുണ്ടക്കയം ഡിവിഷനൽ കൺവീനർ നജ്മുദ്ദീൻ, കോട്ടയം ജില്ലാ സെക്രട്ടറി ടി.എസ്.സൈനുദ്ദീൻ, പെരുമ്പിലാവ് സ്വദേശി പി.കെ. ഉസ്മാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യഹിയ കോയ തങ്ങൾ, 13,14 പ്രതികളായ വളാഞ്ചേരി സ്വദേശി കെ. മുഹമ്മദലി, കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടി. സുലൈമാൻ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.