മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന് സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വെളിപ്പെടുത്തി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കെ എം ഷാജി ഇക്കാര്യം തുറന്നു സമ്മതിച്ചത്.
സിപിഐഎമ്മിനൊപ്പം ചേര്‍ന്നാല്‍ മുസ്ലീം ലീഗിന് രണ്ട് ടേം ഭരണം കിട്ടിയേക്കാം. എന്നാല്‍ സിപിഐഎമ്മും മുസ്ലീം ലീഗും സഖ്യമുണ്ടാക്കിയാല്‍ അത് ബിജെപിക്ക് നേട്ടമായി മാറും. മുഖ്യ പ്രതിപക്ഷ കക്ഷിയായുള്ള ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും. അതുകൊണ്ടാണ് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന നിലപാട് ഞങ്ങള്‍ സ്വീകരിക്കുന്നതെന്നും ഷാജി പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ക്ക് ഇടതുപക്ഷത്തോട് മൃദുലസമീപനമാണെന്ന് കെ എം ഷാജി ലീഗ് നേതൃയോഗങ്ങളില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന് സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കെ എം ഷാജി പരസ്യമായി വെളിപ്പെടുത്തിയത്.
വനിതകളോടുള്ള സമീപനത്തില്‍ ലീഗിന് ചില പരിമിതകളുണ്ടെന്ന് സമ്മതിച്ച ഷാജി ലിംഗതുല്യതയ്ക്കെതിരായ പരസ്യ നിലപാടും അഭിമുഖത്തില്‍ സ്വീകരിക്കുന്നു. ലിംഗതുല്യതയെന്ന ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് ഷാജി വ്യക്തമാക്കി. ഗേ, ലെസ്ബിയന്‍ എന്നിവര്‍ യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ എല്ലാ യാഥാര്‍ത്ഥ്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഷാജി പറഞ്ഞു.