അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാളെ ഡൽഹി എൻഐഎ കോടതിയിൽ ഹാജരാക്കും. എൻഐഎ ആസ്ഥാനത്ത് അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ എൻഐഎ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസിൽ കണ്ടെത്തിയ തെളിവുകൾ എൻഐഎ നാളെ കോടതിയിൽ സമർപ്പിക്കും.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി 93 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നിരുന്നു. എൻഐഎയും എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 106 പേരാണ് അറസ്റ്റിലായത്. റെയ്ഡിൽ പോപ്പുലർ ഫ്രണ്ടിനെതിരെ നിരവധി രേഖകൾ കണ്ടെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചുവെന്ന ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡിലാണ് ഇക്കാര്യം പറയുന്നത്. ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രിക്ക് പുറമെ കേരളത്തിലെയും യുപിയിലെയും പ്രമുഖ നേതാക്കളെ വധിക്കാനും പിഎഫ്ഐ പദ്ധയിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യാനടക്കം കൂടുതൽ സമയം എൻഐഎ ആവശ്യപ്പെടനാണ് സാധ്യത.