സി.പി.ഐ.എം. പ്രവര്ത്തകന് നാണുവിന്റെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചയാകുകയാണ് സേവറി നാണു കൊലപാതകം. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നാണുവിന്റെ കുടുംബവും രംഗത്തെത്തിയതോടെ സേവറി നാണു കൊലപാതകത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ സജീവമാകുകയാണ്. സത്യം തെളിയിക്കുവാൻ ഏതറ്റം വരെയും പോരാടുമെന്നാണ് നാണുവിന്റെ ഭാര്യ പറയുന്നത്.
കൊലപാതകത്തിൽ സുധാകരന് പങ്കുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നു. അദ്ദേഹത്തെ പ്രതിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഭിഭാഷകരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെതുടർന്ന് മുമ്പ് പുനരന്വേഷണത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സുധാകരൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. കുടുംബം അനാഥമാക്കിയവർ നിയമത്തെ വെല്ലുവിളിച്ച് നടക്കുകയാണെന്നും ഭാർഗവി പറഞ്ഞു. 1992 ജൂൺ പതിമൂന്നിനാണ് സേവറി ഹോട്ടലിലേക്ക് ബോംബെറിഞ്ഞ് നാണുവിനെ കോൺഗ്രസ് സംഘം കൊന്നത്.