കോഴിക്കോട് : മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് അന്ത്യം. ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂലം ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 1980ലെ നായനാർ മന്ത്രിസഭയിൽ തൊഴിൽ വനം വകുപ്പു മന്ത്രിയായിരുന്നു. എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വൈദ്യുതി വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. മുസ്ലിംലീഗിന്റെ കടുത്ത വിമർശകനായിരുന്ന അദ്ദേഹം കോൺഗ്രസിന്റെ മതനിരപേക്ഷ മുഖമായിരുന്നു.
ആര്യാടൻ ഉണ്ണീൻ കദിയുമ്മ ദമ്പതികളഉടെ ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം. ഭാര്യ പി.വി.മറിയുമ്മ. നാലു മക്കളാണ്. മകൻ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് നേതാവും സിനിമാ പ്രവർത്തകനുമാണ്.
1977ൽ നിലമ്പൂരിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയസഭയിലെത്തിയത്. കോൺഗ്രസിലെ ആന്റണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച 1980ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം പൊന്നാനിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നായനാർ മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി. എംഎൽഎ അല്ലാതിരുന്ന ആര്യാടന് വേണ്ടി നിലമ്പൂർ എംഎൽഎ ആയിരുന്ന സി.ഹരിദാസ് രാജിവെച്ചു. ഉപതിരഞ്ഞെടുപ്പിൽ പതിനേഴായിരത്തിൽപ്പരം വോട്ടിന് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
എകെ ആന്റണി വിഭാഗം ഇടതുമുന്നണിയിൽ നിന്ന് വിട്ടുപോയതിനെത്തുടർന്ന് 1982ൽ ആര്യാടൻ നിലമ്പൂരിൽ മത്സരിച്ചെങ്കിലും കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ ടികെ ഹംസയോട് പരാജയപ്പെട്ടു. എന്നാൽ 1987 മുതൽ 2011 വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും നിലമ്പൂരിന്റെ പ്രതിനിധി ആര്യാടനായിരുന്നു.
രണ്ടുതവണ നിലമ്പൂർ എംഎൽഎ ആയിരുന്ന കെ കുഞ്ഞാലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് ആര്യാടൻ മുഹമ്മദിന്റെ ജീവിതത്തിലെ നിർണായക സന്ദർഭമായിരുന്നു. 1969 ജൂലൈ 28നാണ് നിലമ്പൂരിലെ ഒരു എസ്റ്റേറ്റിൽ വച്ച് കുഞ്ഞാലിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായി പൊലീസ് അറസ്റ്റു ചെയ്തത് ആര്യാടൻ മുഹമ്മദായിരുന്നു. എന്നാൽ ആര്യാടന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.
ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1959ൽ വണ്ടൂർ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായിരുന്നു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയും 1962ൽ കെപിസിസി അംഗവുമായി. 1969ൽ മലപ്പുറം ഡിസിസി പ്രസിഡൻ്റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു