പോപ്പുലർ ഫ്രണ്ട് ഇന്നലെ ഹർത്താലിനിടെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹർത്താലിനെതിരെ പൊലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയത്. ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ല. ഹെൽമെറ്റ് വെച്ച് ബൈക്കിൽ കല്ലെറിഞ്ഞ് പോയാൽ എങ്ങനെ പിടിക്കാനാകുമെന്നും കാനം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചാൽ എങ്ങനെ പ്രൊട്ടക്ഷൻ നൽകും. ഇന്നലത്തെ അക്രമങ്ങളെ അപലപിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. മാധ്യമ ചർച്ചയെ കുറിച്ച് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇനി എന്നെക്കൊണ്ട് കൂടി പറയിപ്പിക്കണോ എന്നും കാനം രാജേന്ദ്രൻ ചോദിച്ചു.
ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങൾ നടത്തിയ പോപ്പുലർ ഫ്രെണ്ടിനെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിച്ച് വരികയാണ്. അതിനിടെ ഹർത്താൽ ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഒളിവിലാണ്. സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് ഒളിവിൽ പോയത്.