ന്യൂ ദില്ലി: കഴിഞ്ഞ ജൂലൈ 12ന് പാറ്റ്നയിലെ റാലിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖ് പായേത്തിൻ്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന ആരോപണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.
അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘടന പരിശീലന ക്യാമ്പും നടത്തി. അതേസമയത്തു തന്നെ ഉത്തർപ്രദേശിലെ പ്രമുഖ വ്യക്തികൾക്കു നേരെയും പ്രധാന സ്ഥലങ്ങളിലും അക്രമം നടത്താൻ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2013ൽ പാറ്റ്നയിൽവെച്ചു തന്നെ നടന്ന സമാനമായ ആക്രമണത്തിൽ നരേന്ദ്രമോദി കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ഇന്ത്യൻ മുജാഹിദ്ദീനും നിരോധിക്കപ്പെട്ട സിമിയുടെ പ്രവർത്തകരുമാണ് മോദി അഭിസംബോധന ചെയ്ത യോഗത്തിനു നേരെ ബോംബെറിഞ്ഞത്.
ഭീകരപ്രവർത്തനങ്ങൾക്കായി 120 കോടി രൂപ വിദേശത്തു നിന്നും ഇന്ത്യയിലേയ്ക്കൊഴുകിയെന്നും റിപ്പോർട്ടിൽ പറയുന്നു. മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്ന ഷഫീഖ് പായേത്തിന്റെ എൻആർഐ അക്കൗണ്ടിൽ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് പിഎഫ്ഐയ്ക്ക് പണം നൽകിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേയ്ക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും പായേത്തിന്റെ വീട് റെയിഡ് ചെയ്തിട്ടുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി.