പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് സൂചന നൽകി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. മന്ത്രിയുടെ ട്വീറ്റിലാണ് പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് അവസാനമുണ്ടാകുമെന്ന പരാമർശമുള്ളത്.
ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ തെറ്റി. ചില വിഭാഗങ്ങൾക്കു നേരെ ആക്രമണം നടത്തുന്ന സംഘടനയാണ് പി എഫ് ഐ എന്ന് അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. അത് നിലനിൽക്കില്ല; അതിന് അവസാനമുണ്ടാകും. ഇത് ആധുനിക ഇന്ത്യയാണ് എന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
പോപ്പുലർ ഫ്രണ്ടിനെതിരെ മതമൗലിക വാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എയും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ രേഖകൾ കൊൽക്കത്തയിൽ നിന്ന് പടിച്ചെടുത്തു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞു. കേസിൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുള്ള നിർദ്ദേശം ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നൽകും. ഇതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന എൻ ഐ എയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെയും സംയുക്ത റെയ്ഡിൽ 93 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച പുലർച്ചെ റെയ്ഡ് നടന്നത്. 106 പോപ്പുലർ ഫ്രണ്ടുകാരെയും ആറസ്റ്റ് ചെയ്തു. ഇവരെ എൻ ഐ എ ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്.