ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ബര്‍ബ മോഹന്‍ ത്രിപുര എംഎല്‍എ സ്ഥാനം രാജിവച്ചു. ത്രിപുര സ്പീക്കര്‍ രത്തന്‍ ചക്രബര്‍ത്തിക്ക് ബര്‍ബ മോഹന്‍ രാജിക്കത്ത് നല്കി. അദ്ദേഹം ത്രിപുരയിലെ പ്രദേശിക ഗോത്രവര്‍ഗ പാര്‍ട്ടിയായ ഇന്‍ഡീജീനസ് പ്രോഗ്രസീവ് അലയന്‍സ് (TIPRA) യില്‍ ചേരും. ത്രിപുരയിലെ പട്ടിക വര്‍ഗ സംവരണ മണ്ഡലമായ കര്ബൂക്കില് നിന്നുള്ള എംഎല്‍എ ആയിരുന്നു.
രണ്ട് വര്‍ഷത്തിനിടെ ബിജെപി വിടുന്ന നാലാമത്തെ എംഎല്‍എയാണ് ബര്‍ബ മോഹന്‍ ത്രിപുര. എംഎല്‍എമാരായിരുന്ന ആശിഷ് ദാസ്, സുദീപ് റോയ് ബര്മന്, ആശിഷ് കുമാര്‍ സാഹ എന്നീ എംഎല്‍എമാരും നേരത്തെ ബിജെപി വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു. രാജിയോടെ നിയമസഭയിലെ ബിജെപിയുടെ അംഗസംഖ്യ 35ആയി.
നേരത്തെ ത്രിപുര ബിജെപിയിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാര്‍ ദേബിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം മണിക് സാഹയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കി. അടുത്ത വര്‍ഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ബര്‍ബ മോഹന്‍ ത്രിപുരയുടെ രാജി.