ഹിജാബ് വിഷയത്തിൽ ഇറാനിൽ നടക്കുന്ന പ്രതിഷേധത്തിൽ പത്ത് മരണം. ‘ഹിജാബ് തെറ്റായി ധരിച്ചു’ എന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് നടത്തിയ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട 22 കാരി മഹ്സ അമിനിക്ക് നീതി വേണമെന്നാവശ്യപ്പെട്ടാണ് തുടർച്ചയായി ആറാം ദിവസവും തെരുവിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്. ഇറാനിലെ സാരി നഗരത്തില്‍ സ്ത്രീകള്‍ ഹിജാബ് കത്തിച്ച് പൗരോഹിത്യത്തെ വെല്ലുവിളിച്ചു. ഉർമിയ, പിരാൻഷഹർ, കെർമാൻഷാ എന്നീ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പിനിടെ മൂന്ന് പേര്‍ മരിച്ചു. ഇതിനിടെ ലോകത്തെ വിവിധ നഗരങ്ങളില്‍ ഇറാന്‍ വംശജരായ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിച്ച് രംഗത്തിറങ്ങി. മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. സംഘർഷങ്ങളിൽ പത്തോളം പേർ മരണപ്പെട്ടെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇറാന്‍റെ വടക്ക്-പടിഞ്ഞാറൻ കുര്‍ദിഷ് നഗരമായ സാക്കസിൽ നിന്ന് 22 കാരിയായ മഹ്സ അമിനി എന്ന കുർദിഷ് യുവതി കുടുംബത്തോടൊപ്പം തലസ്ഥാനമായ ടെഹ്റാനിലെത്തിയതായിരുന്നു. ഇവര്‍ സഹോദരനോടൊപ്പം നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെ മഹ്സ അമിനി, ഹിജാബ് ശരിയായല്ല ധരിച്ചതെന്ന് ആരോപിച്ച് മതകാര്യ പോലീസ് ഇവരെ പോലീസ് വാനിലേക്ക് വലിച്ചിഴയ്ക്കുകയും തുടർന്ന് റോഡിലും വാനിലും വച്ചുണ്ടായ കടുത്ത പീഡനങ്ങൾ മൂലം ആശുപത്രിയിലേക്ക് പ്രവേശിക്കപ്പെടുകയുമായിരുന്നു. അതിനുശേഷം മൂന്നു ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹ്‌സ മരണപ്പെടുകയായിരുന്നു. രാജ്യത്തെ ഹിജാബ് നിയമം കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ സംഭവം.
സ്ത്രീകൾ ഹിജാബ്, അല്ലെങ്കിൽ അയഞ്ഞ ശിരോവസ്ത്രം ഉപയോഗിച്ച് മുഖവും കൈകളും കാലുകളും മൂടണമെന്ന നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് മതകാര്യ പോലീസ് മഹ്സയെ അറസ്റ്റ് ചെയ്തത്. ഈ സമയം ഇവരുടെ സഹോദരന്‍ കൂടെയുണ്ടായിരുന്നു. മഹ്സയെ ടെഹ്‌റാനിലെ മതകാര്യ പോലീസിന്‍റെ വാഹനത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോള്‍ തന്നെ അവള്‍ ബോധരഹിതയായി കുഴഞ്ഞുവീണിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
1 Comment
Pingback: ഹിജാബ് ധരിക്കാൻ വിസമ്മതിച്ചു; അവതാരകയ്ക്ക് ഇന്റർവ്യൂ നൽകാതെ ഇറാനിയൻ പ്രസിഡന്റ് - T21 Media