തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ വിഡി സവർക്കറുടെ ഫ്ലക്സ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ നടത്തം ആരംഭിച്ചപ്പോൾ ഗോവയിൽ ഉള്ള കോൺഗ്രസും ഇല്ലാതായി. എന്നിട്ടും കേരളത്തെ ഇടതുപക്ഷത്തിൽ നിന്ന് മോചിപ്പിക്കാനാണ് രാഹുൽ നടക്കുന്നത്. കോൺഗ്രസിൻ്റെ വലിയ ഒരു നേതൃനിര ഇപ്പോൾ ബിജെപിയിലാണ്. വർഗീയതയെ എതിർക്കാത്തത് കൊണ്ടാണ് കോൺഗ്രസിന് ഈ അവസ്ഥ വന്നത്’. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ 64 ആം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘യാത്ര ഏറ്റവും കൂടുതൽ ദിവസം കേരളത്തിലാണ്,യു.പി യിൽ രണ്ട് ദിവസം, അതൊരു പൊതുവിമർശനം ആയി വന്നപ്പോൾ 4 ദിവസം ആക്കി, ജാഥ ആർക്കുവേണ്ടി ആണ്, കേരളത്തിൽ 19 ദിവസം. LDF സർക്കാർ അധികാരത്തിൽ വന്നപ്പോൾ വലിയ രീതിയിലുള്ള ആക്രമണം കോൺഗ്രസ് അഴിച്ചു വിട്ടു. കള്ളക്കഥകൾ പ്രചരിപ്പിച്ചു. ആർഎസ്എസിനും ബിജെപിക്കും എതിരല്ല കോൺഗ്രസ്. ഇവിടത്തെ യോജിപ്പ് ബിജെപിയും കോൺഗ്രസ്സും ഡൽഹിയിലും ഉണ്ടാക്കുന്നുവെന്നും പിണറായി പറഞ്ഞു.
ഭരണഘടന വ്യക്തമായ രീതിയിൽ മതനിരപേക്ഷത ഉറപ്പ് നൽകുന്നു. എന്നാൽ നിർഭാഗ്യകരമായ കാര്യങ്ങൾ പിന്നീട് സംഭവിച്ചു. ആൻഡമാനിൽ ദീർഘകാലം സമരം ചെയ്തവരുണ്ട്. ബ്രീട്ടീഷുകാർക്ക് മുന്നിൽ മാപ്പ് എഴുതി കൊടുത്ത ആളാണ് സവർക്കർ. ആ സവർക്കറെയാണ് സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിക്കുന്നത്. RSS സവർക്കറെ സ്വാതന്ത്ര സമര സേനാനിയായി ചിത്രീകരിക്കുന്നു. ജോഡോ യാത്രയുടെ ബാനറിൽ സവർക്കറുടെ ചിത്രം വന്നത് ആശ്ചര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.