എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിലായ വാർത്ത പുറത്തു വന്നതു മുതൽ കേരളം കാത്തിരുന്നത് കോൺഗ്രസ് നേതാക്കളുടെ പ്രതികരണമാണ്. അവർക്ക് പറയാനുള്ളത് എന്നു കേൾക്കാൻ സ്വാഭാവികമായും കൗതുകമേറും. കാരണമറിയാമല്ലോ കിട്ടിയോ, കിട്ടിയോ എന്ന പരിഹാസങ്ങൾ, ട്രോൾ പേജ്… സിപിഎം നേതാക്കൾക്കു നേരെ വ്യക്തിയധിക്ഷേപങ്ങൾ… എന്തൊക്കെയായിരുന്നു ചെറുതും വലുതും മൂത്തതും മൂത്തു വരുന്നതുമായ നേതാക്കൾ പറഞ്ഞതും ചെയ്തതും.
അറസ്റ്റിനെ അംഗീകരിക്കില്ല പോലും. ക്രൈംബ്രാഞ്ച് കണ്ടെത്തൽ അംഗീകരിക്കില്ല എന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് മനോരമ കൊടുത്ത തലക്കെട്ട്. ഇതാണ് കേരളം കാത്തിരുന്ന ആ പ്രതികരണം.
എന്തൊരു വിചിത്രമായ പ്രതികരണം. അറസ്റ്റിനെ തങ്ങൾ അംഗീകരിക്കില്ലെന്ന് കോൺഗ്രസുകാർ പറഞ്ഞാലുടനെ പ്രതികളെ പോലീസിന് വിട്ടയയ്ക്കേണ്ടി വരുമോ ആവോ? അതോ എഫ്ഐആർ റദ്ദാക്കാൻ കോടതി കൽപ്പിക്കുകമോ? പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കുമ്പോൾ, കോൺഗ്രസുകാരുടെ അംഗീകാരപത്രം കൂടി സമർപ്പിക്കണമെന്ന് ഐപിസിയോ പോലീസ് ആക്ടോ നിഷ്കർഷിക്കുന്നുണ്ടോ? ഇല്ലല്ലോ…. പിന്നെന്താണ് അറസ്റ്റിനെ തങ്ങൾ അംഗീകരിക്കില്ലെന്ന പ്രതികരണത്തിൻ്റെ പ്രസക്തി?
സത്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. അതിൻ്റെ തെളിവാണ് അപഹാസ്യമായ ഈ പ്രതികരണം. എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ ഒരിക്കലും പിടികൂടില്ല എന്നായിരുന്നു ഇതുവരെ അവർ കരുതിയിരുന്നത്. പഴുതടച്ച് താൻ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് പ്രതി അവരെ വിശ്വസിപ്പിക്കുകയും ചെയ്തിരിക്കണം. സിസിടിവിയിലൊന്നും ആളെ തിരിച്ചറിയാനുള്ള വിവരങ്ങളില്ല എന്നു വാർത്തകളും വന്നതോടെ ആത്മവിശ്വാസം ഉന്മാദമായ സ്ഥിതിയിലായിരുന്നു കോൺഗ്രസുകാരും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചപ്പോഴൊക്കെ എന്തൊരു പരിഹാസമായിരുന്നു.
പക്ഷേ, പോലീസ് വെറുതെയിരിക്കുകയായിരുന്നില്ല. അവർ ഇതൊരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തു. തെളിവുകൾ അരിച്ചു പെറുക്കി. ഷർട്ടിൻ്റെ ബ്രാൻഡും സഞ്ചരിച്ച കാറുമൊക്കെ അവർ കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോണും പരിശോധനയ്ക്കായി പിടിച്ചെടുത്തു. ഫോണിലുള്ള പലതും ഡിലീറ്റു ചെയ്ത് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചു. അതും പാളി.
സുദീർഘമായ അന്വേഷണത്തിനൊടുവിൽ ഒരു ബോൺ ക്രിമിനലിലേയ്ക്കാണ് പോലീസ് എത്തിയത്. യൂത്ത് കോൺഗ്രസ് നേതാക്കളെ നിശ്ചയിക്കുമ്പോൾ, വധശ്രമക്കേസുകളിലെ പ്രതികൾക്ക് മുൻഗണന നൽകണമെന്ന് പുതിയ കെപിസിസി അധ്യക്ഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടാവും. സുധാകരാനുയായിയുടെ സാമുദ്രിക ലക്ഷണങ്ങളെല്ലാം തികഞ്ഞ യൂത്തനാണത്രേ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ. ചരിത്രം പരിശോധിച്ചാൽ കേസുകളേറെയുണ്ട്.
പഴയ ഓർമ്മയിലാവണം, യൂത്ത് കോൺഗ്രസുകാർക്കെതിരെയുള്ള കേസും അറസ്റ്റുമൊന്നും തങ്ങൾ അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പിലും കൂട്ടരും പറയുന്നത്. ഇപ്പോൾ അറസ്റ്റിലായ പ്രതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്തും കേസുകളുണ്ടായിരുന്നു. വധശ്രമമടക്കം. അന്ന് കേസൊക്കെ തേച്ചു മാച്ചു കളഞ്ഞതിൻ്റെ ഓർമ്മയിലാകണം ഈ പ്രതികരണം.
കാലം മാറി എന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.
പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കുമ്പോൾ, കോൺഗ്രസുകാരുടെ അംഗീകാരപത്രം കൂടി സമർപ്പിക്കണമെന്ന് ഐപിസിയോ പോലീസ് ആക്ടോ നിഷ്കർഷിക്കുന്നുണ്ടോ? ഇല്ലല്ലോ…. പിന്നെന്താണ് അറസ്റ്റിനെ തങ്ങൾ അംഗീകരിക്കില്ലെന്ന പ്രതികരണത്തിൻ്റെ പ്രസക്തി?