എകെജി സെന്റർ ബോംബാക്രമണ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഇയാൾ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ്. തിരുവനന്തപുരം മൺവിള സ്വദേശിയായ ജിതിനെ ഇന്ന് രാവിലെ 9 മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എകെജി സെൻ്റർ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് കേസിൽ പഴുതടച്ച അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ പിടികൂടുന്നത്. കേസിൽ പിടിക്കപ്പെടാതിരിക്കാൻ ആസൂത്രിതമായാണ് ജിതിൻ ഓരോ നീക്കങ്ങളും നടത്തിയത്.
അതേസമയം കേസിൽ പിടിക്കപ്പെട്ടത് യൂത്ത് കോൺഗ്രസ് നേതാവാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സമ്മതിച്ചു. കോൺഗ്രസ് നേതൃത്വമാണ് എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും പ്രതികരിച്ചു. ജൂൺ മുപ്പതിന് രാത്രിയാണ് ജിതിൻ എകെജി സെന്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം.