ദില്ലി: തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്കി ബിജെപി. കഴിഞ്ഞ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 344 കോടി രൂപ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായിയാണ് ഈ വർഷം ബിജെപി 344 കോടി രൂപ ചെലവഴിച്ചത്. ഉത്തർപ്രദേശിൽ മാത്രം ബിജെപി 221 കോടി രൂപ ചെലവാക്കിയതായി തെരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ടിൽ പറയുന്നു. അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് ചെലവിട്ടത് 194 കോടി രൂപയാണ്.
ഓഗസ്റ്റ് 20 ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 221. 31 കോടി രൂപയാണ് ഉത്തർപ്രദേശിൽ മാത്രം ബിജെപി പ്രചാരണങ്ങൾക്കായി ചെലവഴിച്ചത്. മണിപ്പൂരിൽ 23.51 കോടി രൂപയും ഗോവയിൽ 19.06 കോടിയും പഞ്ചാബിൽ 36.69 കോടി രൂപയും ഉത്തരാഖണ്ഡിൽ 43.67 കോടി രൂപയും ബിജെപി പ്രചാരണങ്ങൾക്കായി ചെലവഴിച്ചു. മാത്രമല്ല, വിർച്വൽ ക്യാംപയിനിനായി 11.97 കോടി രൂപയും ബിജെപി ചെലവഴിച്ചു.