കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോണിയ ഗാന്ധിക്ക് കത്തയച്ചു. മികച്ച പാർലമെന്റേറിയനും പ്രഭാഷകനുമായ തരൂരിനെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. നിലവിൽ തിരുവനന്തപുരം എംപിയായ ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതിൽ ശശി തരൂരോ കോൺഗ്രസ് നേതൃത്വമോ ഇതുവരെയും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ കത്ത്. കോൺഗ്രസിൻ്റെ ഇടക്കാല അധ്യക്ഷയായി നിലവിൽ പ്രവർത്തിക്കുന്നത് സോണിയ ഗാന്ധിയാണ്.
വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിച്ച പലരും പാർട്ടി വിട്ടുപോയെന്ന് കത്തിൽ പറയുന്നുണ്ട്. അതിനാൽ മോദിക്കെതിരെ നിൽക്കണമെന്ന വലിയ ജോലിയാണ് കോൺഗ്രസിന് മുൻപിലുള്ളതെന്നും, രാഹുൽ ഗാന്ധി ഒരു സ്ഥാനവും ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ പുതിയൊരാളെ കണ്ടെത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ശശി തരൂരിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.