രാജ്ഭവനുള്ളിൽ ദന്തൽ ക്ലിനിക് തുടങ്ങാൻ പത്തു ലക്ഷം വേണമെന്ന ഗവർണറുടെ ആവശ്യം പിണറായി സർക്കാർ തള്ളിയത്രേ. തീർത്തും മോശമായിപ്പോയി. ഗവർണർ ഭരണഘടനാപദവിയാണ്. സ്വാഭാവികമായും ഗവർണറുടെ ദന്തങ്ങൾക്കും ഭരണഘടനാ പരിരക്ഷ വേണം. ഗവർണറുടെ പല്ലു ക്ഷയിക്കുന്നത് ഭരണഘടനയുടെ പല്ലു ക്ഷയിക്കുന്നതിനു തുല്യമാണ്.
പ്രമുഖ മാധ്യമങ്ങൾ എത്രയും വേഗം വിഷയത്തിൽ ഇടപെടണം. പിണറായി സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു വരുന്ന ഘട്ടത്തിലാണ് ദന്തൽ ക്ലിനിക്കിനുള്ള പണം സർക്കാർ നിരസിച്ചത്. ഇനിയിപ്പോൾ സർക്കാരിനെതിരെ നഖം മാത്രമേ ഉപയോഗിക്കാൻ പറ്റൂ എന്ന അവസ്ഥയിലാണ് പാവം ഗവർണർ. നഖമുപയോഗിച്ചുള്ള ആക്രമണങ്ങളിൽ പരിശീലനം നേടാൻ അദ്ദേഹം പഴയ മലയാള സിനിമകളിലെ ബാലൻ കെ നായരുടെയും കെ പി ഉമ്മറിൻ്റെയും ടി ജി രവിയുടെയുമൊക്കെ സീനുകൾ പ്രത്യേകം സംഘടിപ്പിച്ചു കണ്ടുകൊണ്ടിരിക്കുകയാണത്രേ.
എട്ടേക്കർ സ്ഥലമുണ്ട് രാജ്ഭവനിൽ. പല്ലു ക്ലിനിക്, എല്ലു ക്ലിനിക്, ആയൂർവേദ കേന്ദ്രം, ബ്യൂട്ടി പാർലർ, ആർഎസ്എസ് ശാഖ എന്നുവേണ്ട എന്തും തുടങ്ങാൻ മതിയായ വിസ്തൃതി. ഇതിനൊക്കെ സംസ്ഥാന സർക്കാരിനു മുന്നിൽ കൈ നീട്ടി നിൽക്കേണ്ടി വരുന്നതാണ് ആകെപ്പാടെ ഒരു പ്രതിസന്ധി. ആരിഫ് മുഹമ്മദ് ഖാനെ മാത്രമല്ല, എല്ലാ ഗവർണർമാരെയും ഈ ദുരവസ്ഥയിൽ നിന്ന് മോചിപ്പിക്കണം.
അതിനൊരു വഴിയേ ഉള്ളൂ. രാജ്ഭവനുകൾക്കുള്ള ചെലവ് കേന്ദ്രബജറ്റിൽ വകയിരുത്തണം. ഗവർണറെ കേന്ദ്രമാണല്ലോ നിയമിക്കുന്നത്. അവരുടെ ചെലവും കേന്ദ്രം വഹിക്കട്ടെ. എങ്കിൽ രാജ്ഭവനിൽ ദന്തൽ ക്ലിനിക്കോ, ആന വളർത്തൽ കേന്ദ്രമോ ഒക്കെ സ്ഥാപിക്കാം.
താനാണ് ഹെഡ് ഓഫ് ദി സ്റ്റേറ്റെന്ന് തരം കിട്ടുമ്പോഴൊക്കെ നമ്മുടെ ഗവർണർ വീമ്പിളക്കി നടക്കാറുണ്ട്. പറഞ്ഞിട്ടെന്തു കാര്യം. ദന്തൽ ക്ലിനിക്കിൻ്റെ കാര്യം നോക്കൂ. അദ്ദേഹത്തിന് പത്തുലക്ഷം രൂപ വേണം. ട്രഷറി ഡയറക്ടറെ വിളിച്ച്, ഒരു പത്തുലക്ഷം രൂപ രാജ്ഭവനിലെത്തിച്ചേക്കൂ എന്നു പറയാനുള്ള അധികാരമുണ്ടോ? ഇല്ല. പകരമോ, അദ്ദേഹത്തിൻ്റെ സെക്രട്ടറി സംസ്ഥാന സർക്കാരിൻ്റെ പൊതുഭരണ സെക്രട്ടറിയ്ക്ക് കത്തു കൊടുക്കണം. അതു പിന്നെ ധനവകുപ്പു കാണണം. പണം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം രാജ്ഭവനല്ല. ഗവർണർക്കുമല്ല.
ഇങ്ങനെയൊരു അധികാരം കൊണ്ട് എന്തു പ്രയോജനം? പത്തു ലക്ഷം രൂപ പോയിട്ട്, പത്തു രൂപ പോലും സ്വന്തം ഒപ്പുകൊണ്ട് അനുവദിപ്പിക്കാൻ പറ്റില്ലെങ്കിൽ ഹെഡ് ഓഫ് ദി സ്റ്റേറ്റ് എന്നും പറഞ്ഞു നടന്നിട്ടെന്തു കാര്യം?
എന്നു മാത്രമോ, കുശിനിക്കാരെയും തോട്ടക്കാരനെയും മുതൽ സകല ഉദ്യോഗസ്ഥരെയും നിയമിക്കണമെങ്കിലും സംസ്ഥാന സർക്കാരിൻ്റെ പിന്നാലെ കത്തുമായി നടക്കണം. എന്തൊക്കെ പൊല്ലാപ്പുകളുണ്ടാക്കിയിട്ടാണ് ഈയടുത്ത കാലത്ത് ഒരു ഫോട്ടോഗ്രാഫറെ തരപ്പെടുത്തിയെടുത്തത്. സ്വന്തം ഫോട്ടോഗ്രാഫറില്ലാതിരുന്നാൽ രാജ്ഭവൻ്റെ കാര്യങ്ങൾ വൻകുഴപ്പത്തിലാകുമെന്ന് ആർക്കാണ് അറിയാത്തത്? യഥാർത്ഥത്തിൽ അത് ഭരണഘടനയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു.
ഭരണഘടന വായിച്ചു നോക്കൂ. ആരെയൊക്കെയാണ് അദ്ദേഹം നിയമിക്കുന്നത്? മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണർ. മന്ത്രിമാരെ നിയമിക്കുന്നത് ഗവർണർ. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഗവർണർ. പക്ഷേ, രാജ്ഭവനിൽ ഫോട്ടോഗ്രാഫറെയും തോട്ടക്കാരനെയും കുശിനിക്കാരനെയും നിയമിക്കാനുള്ള അധികാരം മാത്രം ഭരണഘടനയിൽ പറഞ്ഞിട്ടില്ല.
ആലോചിച്ചു നോക്കിയാൽ വിചിത്രമാണ് കാര്യങ്ങൾ. തന്നെ തരിമ്പും വകവെയ്ക്കാത്ത മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമനാധികാരിയാണ് ഗവർണർ. പക്ഷേ, തനിക്കൊരു ബക്കറ്റ് വെള്ളം ചൂടാക്കിത്തരാനോ, ചായ തിളപ്പിച്ചു തരാനോ ഉള്ള ആളെ നിയമിക്കാനൊട്ട് അധികാരമില്ല താനും.
ഇതല്ലേ, സത്യത്തിൽ കടുത്ത ഭരണഘടനാ പ്രതിസന്ധി?