കണ്ണൂർ: കേരളം സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമല്ലെന്ന പ്രചാരണം നാടിനെ അപകീർത്തിപ്പെടുത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടി നാടിനെയാകെ ഇകഴ്ത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഇത്തരം പ്രചാരണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി കൺവൻഷൻ സെന്ററിൽ തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ മൂന്നു വർഷമായി രാജ്യത്തെ ഒന്നാമത്തെ സ്റ്റാർട്ടപ് സൗഹൃദ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ വലിയതോതിൽ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തിന്റേത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം വിവിധ വ്യവസായഗ്രൂപ്പുകളുമായി ഒന്നിലധികം തവണ ചർച്ചനടത്തി. തൊഴിൽസംഘർഷമോ സമരമോ വ്യവസായാന്തരീക്ഷം കലുഷമാക്കുന്നില്ലെന്ന അനുഭവമാണ് സംരംഭകർ പങ്കുവച്ചത്. ആറ് വർഷത്തിനിടെ ചെറുകിട, ഇടത്തരം വ്യവസായരംഗത്ത് 8,184 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 86,993 സംരംഭം തുടങ്ങി. 3,09,910 തൊഴിൽ യാഥാർഥ്യമാക്കി.
ഈ സാമ്പത്തികവർഷം ഇതുവരെ 3,382.61 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. 56,137 സംരംഭം ആരംഭിച്ചു. 1,23,795 തൊഴിൽ നൽകാനായി. ഐടി മേഖലയിൽ ആറ് വർഷത്തിനുള്ളിൽ 40 ലക്ഷം ചതുരശ്രയടി സ്പെയ്സ് പുതുതായി ഉണ്ടായി. 45,869 തൊഴിൽ അവസരവും. ഉൽപ്പാദനോന്മുഖ വികസനത്തിന്റെ നേട്ടങ്ങൾ അടിസ്ഥാനതലംവരെ എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.