സോളാര്‍ പീഡനക്കേസില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 9 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു.
2013ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി തന്നെ പീഡിപ്പിച്ചുവെന്നാണ് സോളാര്‍ കേസില്‍ പ്രതിയായ സ്ത്രീയുടെ പരാതി. അബ്ദുള്ളക്കുട്ടിയടക്കം 18 പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍ , ഹൈബി ഈഡന് തുടങ്ങിയവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിരുന്നു. ഇതില്‍ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എംപി, മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, ഹൈബി ഈഡന് അടക്കമുള്ള നേതാക്കളെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
അതേസമയം സോളാര്‍ പീഡന കേസില്‍ പ്രമുഖരെ ഒഴിവാക്കിയ സിബിഐ നടപടിക്കെതിരെ പരാതിക്കാരി നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 18 പേര്‍ക്കെതിരെ പരാതിയും തെളിവും നല്‍കിയിട്ടും 4 പേരെ മാത്രമാണ് സിബിഐ പ്രതിചേര്‍ത്തത് . ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിൻ്റെയും സിബിഐയുടെയും വിശദീകരണം തേടിയിട്ടുണ്ട്.