മലയാള ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ടിവി ചാനലുകള്‍ കേരളം സാക്ഷരതയില്‍ കൈവരിച്ച നേട്ടത്തെ കൊല്ലുകയാണെന്ന് സുപ്രീംകോടതി. അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ പാസാകുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിന് എതിരായി എന്‍എസ്എസ് നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം.
കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതില്‍ ദിന പത്രങ്ങളുടെ പങ്ക് വലുതാണെന്ന് സുപ്രീംകോടതി നിരീക്ഷണം നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ദിനപത്രങ്ങളും, വാരികകളും, ടി വി ചാനലുകളുമുള്ളതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായാണ് ടിവി ചാനലുകള്‍ കേരളം സാക്ഷരതയില്‍ കൈവരിച്ച നേട്ടത്തെ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.
സാക്ഷരതയില്‍ നൂറ് ശതമാനം കൈവരിച്ച കേരളം എന്നാല്‍ വിദ്യാഭ്യാസത്തില്‍ ആ പുരോഗതി കൈവരിച്ചതായി പറയാന്‍ ആകില്ലെന്നും ബീഡി ഫാക്ടറികളില്‍ ബീഡി തെറുക്കുന്നതിന്നതിനൊപ്പം തൊഴിലാളികള്‍ പത്രം വായിക്കുന്ന സംസ്ഥാനം ആണ് കേരളമെന്നും കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് മാരായ അബ്ദുല്‍ നസീര്‍, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണങ്ങള്‍. എന്‍ എസ് എസിൻ്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.