മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരസ്യവിമര്‍ശനവുമായി ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന നേതാക്കള്‍ക്ക് സമയമോ പ്രാധാന്യമോ നല്‍കുന്നില്ല. പാര്‍ട്ടിയില്‍ അതൃപ്തി വര്‍ധിക്കാന്‍ കാരണം ഇതാണെന്നായിരുന്നു പ്രതിഭാ സിംഗിൻ്റെ വിമര്‍ശനം. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ പിസിസി അധ്യക്ഷ പരസ്യമായി രംഗത്തെത്തിയത്.
നേതാക്കളെ കേള്‍ക്കാന്‍ രാഹുല്‍ സമയം ചെലവാക്കിയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ പാര്‍ട്ടി മെച്ചപ്പെട്ടേനെയെന്നും പ്രതിഭാ സിംഗ് തുറന്നടിച്ചു. പാര്‍ട്ടിയിലെ ജനറേഷന് ഗ്യാപ് കൈകാര്യം ചെയ്യാന്‍ രാഹുല്‍ പഠിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ അവര്‍ സോണിയാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും അത് സാധിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരണമെന്ന് പിസിസികള്‍ പ്രമേയം പാസാക്കുന്നതിനിടെയാണ് രാഹുലിനെതിരായ ഹിമാചല്‍ പിസിസി അധ്യക്ഷയുടെ പരസ്യവിമര്‍ശനം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണോ വേണ്ടയോ എന്ന് രാഹുലാണ് തീരുമാനിക്കേണ്ടതെന്നും രാഹുലില്ലെങ്കില്‍ ആ പദവിയിലേക്ക് വരാന്‍ മറ്റ് നേതാക്കളുണ്ടെന്നും പ്രതിഭാ സിംഗ് പറഞ്ഞു. മുന്‍ ഹിമാചല്‍ മുഖ്യമന്ത്രിയായ വീര്‍ഭദ്ര സിംഗിൻ്റെ ഭാര്യ കൂടിയായ പ്രതിഭാ സിംഗ് ഏപ്രിലിലാണ് പിസിസി അധ്യക്ഷയായി നിയമിക്കപ്പെട്ടത്.