പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ലുഫ്താൻസ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയും ആം ആത്മി പാർട്ടി നേതാവുമായ ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്ന് പുറത്താക്കിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഭഗവന്ത് മൻ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് വിമാനം നാല് മണിക്കൂർ വൈകിയെന്നും, മുഖ്യമന്ത്രിയുടെ പ്രവർത്തിയിലൂടെ പഞ്ചാബികൾ അപമാനിക്കപെട്ടെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ജർമനിയിലെ ഫ്രങ്ക്ഫർട്ട് വിമാനത്താവളത്തിലാണ് സംഭവം. ഏഴ് ദിവസമായി ജർമനിയിലായിരുന്ന ഭഗവന്ത് സന്ദർശനം കഴിഞ്ഞ് ഞായറാഴ്ച ഡൽഹിക്ക് മടങ്ങുകയായിരുന്നു.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ തള്ളി ആം ആത്മി പാർട്ടി രംഗത്തെത്തി. നിശ്ചയിച്ചിരുന്നതുപോലെ സെപ്റ്റംബർ 19ന് മുഖ്യമന്ത്രി ഭഗവന്ത് മൻ തിരിച്ചെത്തി. സാമൂഹ മാധ്യമ റിപ്പോർട്ടുകളെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വിദേശ യാത്രയിലൂടെ നിക്ഷേപം സമാഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ലുഫ്താൻസ എയർലൈൻസിനോട് ഇക്കാര്യം അന്വേഷിക്കാവുന്നതാണ് എന്നും എഎപി വക്താവ് മൻവീന്ദർ സിങ് പറഞ്ഞു. മുഖ്യമന്ത്രിക്ക് വിമാനത്തിൽ കയറാൻ കഴിഞ്ഞില്ലന്നും ആരോഗ്യപ്രശ്നത്താലാണിതെന്നും അദ്ദേഹത്തിൻ്റെ ഓഫീസും വ്യക്തമാക്കി.
സംഭവത്തിൽ ലുഫ്താൻസ എയർലൈൻസിൻ്റെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. ഫ്രാങ്ക്ഫുർട്ടിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രിപ്പ് നിശ്ചയിച്ചതിനേക്കാൾ വൈകിയത് വിമാനത്തിൽ മാറ്റംവരുത്തിയതുകൊണ്ടാണ്. യാത്രക്കാരായ വ്യക്തികളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല, എന്നും വിമാന കമ്പനി അറിയിച്ചു.
അമിതമായി മദ്യപിച്ചതിനെ തുടർന്ന് നിവർന്നു നിൽക്കാൻ ആകാത്ത നിലയിലാണ് പഞ്ചാബ് മുഖ്യമന്ത്രി വിമാനത്തിലെത്തിയതെന്ന് ഒരു വിമാനയാത്രികൻ പ്രതികരിച്ചു. നേരത്തെയും പൊതുസ്ഥലങ്ങളിലും വേദികളിലും ഭഗവന്ത് മൻ മദ്യപിച്ചെത്തിയിരുന്നു. എംപിയായിരിക്കെ ലോക്സഭയിൽ ഭഗവന്ത് മൻ മദ്യപിച്ച് എത്തിയതിന് പിന്നാലെ മൻ ഇനി മദ്യപിക്കില്ലന്ന് അന്ന് പാർടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ഉറപ്പുനൽകിയിരുന്നു.