കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എം.പി മത്സരിക്കാന്‍ സാധ്യതയേറി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് തരൂരിന് സോണിയ അനുമതി നല്‍കിയെന്നാണ് സൂചന. സോണിയാ ഗാന്ധിയുമായി തിങ്കളാഴ്ച തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ചയായെന്നും തരൂര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.
ഹൈക്കമാന്റിൻ്റെതായി ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് വിവരം. തുറന്ന മത്സരം നടക്കട്ടെയെന്ന നിലപാടിലാണ് സോണിയാ ഗാന്ധിയുള്ളത്. അതേസമയം സോണിയയുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച തരൂര്‍ എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സോണിയയുമായി ചര്‍ച്ച നടത്തിയോ എന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മൂന്ന് ദിവസത്തിനകം തരൂരിൻ്റെ തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശനിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഈ മാസം മുപ്പതാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.