ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ തോമസ് ഐസക്. ‘ഗവര്‍ണര്‍’ എന്ന ഭരണഘടനാസ്ഥാപനത്തിൻ്റെ അന്തസ് വീണ്ടെടുക്കാനാവാത്തവിധം കളങ്കിതമാക്കുന്ന കോപ്രായങ്ങളാണ് ആര്‍എസ്എസിൻ്റെ സേവ പിടിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് കാട്ടിക്കൂട്ടുന്നതെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. തൻ്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഗവര്‍ണര്‍ക്കെതിരായ തോമസ് ഐസകിൻ്റെ വിമര്‍ശനങ്ങള്‍
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
‘ഗവര്‍ണര്‍’ എന്ന ഭരണഘടനാസ്ഥാപനത്തിൻ്റെ അന്തസ് വീണ്ടെടുക്കാനാവാത്തവിധം കളങ്കിതമാക്കുന്ന കോപ്രായങ്ങളാണ് ആര്‍എസ്എസിൻ്റെ സേവ പിടിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് കാട്ടിക്കൂട്ടുന്നത്. ഉപരാഷ്ട്രപതി സ്ഥാനം നഷ്ടപ്പെട്ടതിൻ്റെ നിരാശയും സങ്കടവുമാണ് അദ്ദേഹത്തിൻ്റെ സമനില തകര്‍ത്തതെങ്കില്‍ ചികിത്സ വേറെ നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഗവര്‍ണറുടെ കസേരയിലിരുന്ന് കോമാളിക്കളി തുടരാന്‍ അദ്ദേഹത്തെ അനുവദിച്ചുകൂടാ.
എന്തൊക്കെയാണ് അദ്ദേഹം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. രാജ്യം ബഹുമാനിക്കുന്ന പണ്ഡിതരില്‍ പ്രഥമഗണനീയനായ ഇര്ഫാന് ഹബീബിനെ നേരത്തെ വിളിച്ച ഭാഷ മറക്കാന്‍ സമയമായിട്ടില്ല. ആ വന്ദ്യവയോധികന് തനിക്കുനേരെ നടത്തിയ വധശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലൊക്കെ വീമ്പിളക്കി നടന്നത്. ഹൈടെക് വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളിലെവിടെയെങ്കിലും ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചതിൻ്റെ തെളിവുകളുണ്ടോ? ദൃശ്യങ്ങളിലെവിടെയും അദ്ദേഹം ആക്രമിക്കപ്പെട്ടുവെന്ന് വാദിക്കാനുള്ള സംഭവങ്ങളില്ല. പ്രതിഷേധത്തെ കൂസാതെ പ്രസംഗിച്ചു തീര്‍ക്കുന്ന ആരിഫ് മുഹമ്മദ് ഖാനെയാണ് ലോകം കണ്ടത്.
തനിക്കു നേരെ വധശ്രമം നടന്നു എന്ന ആരോപണം സ്ഥാപിക്കാന്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ ഗവര്‍ണര്‍ക്കു തന്നെ തിരിച്ചടിയായി. മാധ്യമപ്രവര്‍ത്തകര്‍ അക്കാര്യം വിശദീകരിക്കാനാവശ്യപ്പെട്ടപ്പോള്‍ സാമാന്യം നന്നായിത്തന്നെ ഗവര്‍ണര്‍ പ്രകോപിതനുമായി. കള്ളത്തരം കൈയോടെ പിടിക്കപ്പെട്ടാല്‍ പ്രകോപിതനാവുകയല്ലാതെ വേറെന്തു വഴി?
വധശ്രമത്തെക്കുറിച്ച് ആക്ഷേപം ഉന്നയിച്ച ഗവര്‍ണര്‍ (307 വകുപ്പ്) ഇപ്പോള്‍ അദ്ദേഹത്തെ കൃത്യനിര്‍വ്വഹണത്തിനു തടസ്സപ്പെടുത്തിയതിനു 124-ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് പറയുന്നത്. എന്തൊരു മലക്കം മറിച്ചിലാണിത്?
മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച ഔദ്യോഗിക കത്തിടപാടുകള്‍ എന്തോ മഹാകാര്യം തെളിയിക്കാനെന്ന മട്ടില്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായതൊന്നും ആ കത്തുകളില്‍ ഉള്ളതായി സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമില്ല. ഔദ്യോഗികമായി കൈമാറുന്ന കത്തുകള്‍ ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ദുരാരോപണങ്ങള്‍ക്കുള്ള ഉപകരണമാക്കാന്‍ കഴിയുമോ? എത്ര തരംതാണ നടപടിയാണിത്?
കണ്ണൂര്‍ വിസി നിയമത്തില്‍ അനുകൂലമായ തീരുമാനത്തിന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചുവെന്നുള്ളതാണ് മറ്റൊരു ചാര്‍ജ്ജ്. സംസ്ഥാന മന്ത്രിസഭ എടുക്കുന്ന ഓര്‍ഡിനന്‍സുകളുടെ അംഗീകാരത്തിനും നിയമസഭ പാസ്സാക്കുന്ന നിയമങ്ങളുടെ അംഗീകാരത്തിനും ഏതെല്ലാം മന്ത്രിമാര്‍ കണ്ട് ഗവര്‍ണറോട് വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചുകാണും. അതില്‍ എന്താണ് തെറ്റ്? ഗവര്‍ണറുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ വ്യക്തിപരമായിട്ടുള്ള കൂടിക്കാഴ്ചകള്‍ നടത്തുന്നത്. എന്നാല്‍ ഇവയ്ക്കെല്ലാം ഗവര്‍ണര്‍ നല്കുന്ന വ്യാഖ്യാനം അദ്ദേഹത്തിൻ്റെ പ്രത്യേക മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.
അജണ്ട ആര്‍എസ്എസിന്റേതാകുമ്പോള്‍, അടവുകള്‍ പരിഹാസ്യമാകാതെ വയ്യ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ വാര്‍ത്താസമ്മേളനം, അദ്ദേഹത്തെ വിശ്വസിച്ച് ഇതുവരെ സ്തോഭജനകമായ തലക്കെട്ടുകളെഴുതിയിരുന്ന മാധ്യമപ്രവര്‍ത്തകരെപ്പോലും നിരാശരാക്കിക്കളഞ്ഞു. ഇതൊക്കെ സര്‍ക്കാരിനെ വിരട്ടാനാണെങ്കില്‍, ഗവര്‍ണര്‍ക്കു തെറ്റി. രാഷ്ട്രീയമായി നരേന്ദ്രമോദിയെയും അമിത്ഷായെയും വകവെയ്ക്കാത്തവര്‍ക്ക് എന്ത് ആരിഫ് മുഹമ്മദ് ഖാന്… എന്ത് ഗവര്‍ണര്‍?