കുടുംബശ്രീ ഉത്പന്നങ്ങൾക്കായി ആമസോൺ മാതൃകയിലുള്ള വിപണിയൊരുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ‘ഷീസ്റ്റാർട്ട്’ എന്ന പദ്ധതിയാണ് ആവിഷ്കരിക്കാനൊരുങ്ങുന്നത്. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിച്ച സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള ‘ലക്ഷ്യ – 2022’ മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടുതൽ സംരംഭകർക്ക് അവസരങ്ങൾ നൽകാനുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നോളജ് ഇക്കണോമി മിഷന് പദ്ധതിയിലൂടെ ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സര്‍വേയില്‍ 54 ലക്ഷം തൊഴില്‍ അന്വേഷകരെയാണ് കണ്ടെത്തിയത്. ഇതില്‍ 22 മുതല്‍ 40 വയസ് വരെയുള്ള 27 ലക്ഷം പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച തൊഴിൽ യോഗ്യതകൾ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ കഴിയാത്ത നിരവധി വീട്ടമ്മമാർ കേരളത്തിലുണ്ടെന്നും അവർക്ക് തൊഴിൽ നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും സർക്കാർ ആവിഷ്കരിക്കും. സ്വകാര്യ ഏജന്‍സികളില്‍ ചിലത് തൊഴില്‍മേളകളെ ചൂഷണത്തിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതായുള്ള പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.