മദ്രസകൾ പൊളിച്ചുമാറ്റണമെന്ന യതി നരസിംഹാനന്ദയുടെ പ്രസ്താവനക്കെതിരെ കേസ്. മദ്രസകളും അലിഗഡ് മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് പൊളിച്ചുനീക്കണമെനന്നായിരുന്നു യതി നരസിംഹാനന്ദയുടെ പ്രസ്താവന. മദ്രസയിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളേയും ക്യാമ്പുകളിലേക്ക് മാറ്റണം. അതാകുമ്പോൾ ഖുർആൻ എന്ന വൈറസ് അവർക്കിടയിൽ നിന്ന് പൊയ്ക്കോളും എന്നും ഇയാൾ പറഞ്ഞിരുന്നു. ഹിന്ദു മഹാസഭയുടെ പരിപാടിക്കിടെയായിരുന്നു യതി നരസിംഹാനന്ദയുടെ വിദ്വേഷ പരാമർശം.
കഴിഞ്ഞ ഞായറാഴ്ച അലിഗഡിലായിരുന്നു കേസിന് ആസ്പദമായ സംഭവം. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നതാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു യതി നരസിംഹാനന്ദ. വിദ്വേഷ പരാമർശത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തതായി പോലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുനാവത് പറഞ്ഞു.
വിദ്വേഷ പരാമർശനങ്ങൾ നടത്തിയതിന് നേരത്തെയും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഒരു കോടി ഹിന്ദുക്കളുടെ കൊലപാതകത്തിന് ഉത്തരവാദി മഹാത്മാഗാന്ധിയാണ്’ എന്ന പരാമശത്തിനാണ് നേരത്തെ ഇയാൾക്കെതിരെ കേസെടുത്തത്.