ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ 17 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് വർഗീയവൽക്കരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന വ്യക്തി. ബിജെപി അനുഭാവിയും ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന വ്യക്തിയും കൂടിയായ അനുഷുൽ സക്സേനയാണ് വ്യാജപ്രചരണം നടത്തിയത്. കഴിഞ്ഞദിവസം മുസാഫിർനഗറിൽ നാലംഗ സംഗം 17 കാരിയെ കാറിൽ തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ വാർത്ത രാജ്യത്തെ വിവിധ ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പെൺകുട്ടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ സലീം, അസ്ലം, അക്രം, അയൂബ് എന്നിവരെ പോലീസ് തിരിച്ചറിയുകയും ചെയ്തിരുന്നു.
എന്നാൽ സംഭവത്തെ പൂർണമായും വർഗീയവത്കരിച്ചു വളച്ചൊടിക്കുകയാണ് അനുഷുൽ സക്സേന. “സലീം, അസ്ലം, അക്രം, അയൂബ് എന്നിവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുസാഫിർനഗറിലെത്തിക്കുകയും പത്ത് ദിവസത്തോളം ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പെൺകുട്ടിയെ നിർബന്ധിച്ച് മാംസം കഴിപ്പിക്കുകയും ഇസ്ലാം മതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുകയുമായിരുന്നു അവർ” എന്നാണ് അനുഷുൽ ട്വിറ്ററിൽ കുറിച്ചത്. ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈലിൽ നിന്നാണ് ഇയാളുടെ ഈ വർഗീയപ്രചരണം. ഇതിനെതിരെ മുസാഫർനഗർ പോലീസ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ നിന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. മാംസം കഴിപ്പിച്ചെന്നുള്ള പ്രചാരണം തെറ്റാണെന്ന് പോലീസ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഇതേസമയം പ്രധാമന്ത്രി പോലും ഫോളോ ചെയ്യുന്ന ഒരു വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് പ്രതികളുടെ പേരുൾപ്പടെ ഉൾപ്പെടുത്തിയുള്ള വാർത്തയുടെ വർഗീയവൽക്കരണം അങ്ങേയറ്റം അപകടകരമാണെന്ന തരത്തിലുള്ള വിവാദങ്ങൾ ഉയരുന്നുണ്ട്. ദൗർഭാഗ്യകരമായ ഒരു കൃത്യത്തെപ്പോലും വളച്ചൊടിച്ച് മതസ്പർദ്ധ അഴിച്ചുവിടാനുള്ള ചില വ്യക്തികളുടെ വർഗീയ അജണ്ടയ്ക്കെതിരെ സമൂഹമാധ്യമത്തിൽ ജനങ്ങൾ ഒന്നടങ്കം പ്രധിഷേധിക്കുകയാണ്.