ഗവർണർ ആരിഫ് മുഖമ്മദ് ഖാനും രാജ്ഭവനും ധൂർത്തിൻ്റെ കേന്ദ്രങ്ങൾ. ഗവർണറുടെ വാർഷിക ശമ്പളവും ആനുകൂല്യവും നാല്പത്തിരണ്ട് ലക്ഷം രൂപയാണ്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഈ വർഷം ചെലവുകൾക്കായി സർക്കാരിനോട് ആവശ്യപ്പെട്ടത് 12.70 കോടി രൂപയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടിയ തുകയാണിത്. കഴിഞ്ഞ വർഷം രാജ്ഭവൻ ചെലവാക്കിയത് 12.45 കോടിയാണ്. 2020 – 21 ൽ രാജ്ഭവൻ ചെലവാക്കിയത് 9.01 കോടിയും.
രാജ്ഭവൻ വീട്ടുചെലവിനുമാത്രമായി ഈ വർഷം മാറ്റിവച്ചത് 4.75 കോടി രൂപയാണ്. കഴിഞ്ഞവർഷം വീട്ടുചെലവ് 3.93 കോടിയും. 2020 – 21 കാലയളവിനെ അപേക്ഷിച്ച് ഒരുകോടിയലധികമാണ് കഴിഞ്ഞ വർഷം രാജ്ഭവൻ വീട്ടുചെലവുകൾക്കായി വിനിയോഗിച്ചത്. 2020-21ൽ ചെലവ് 2.85 കോടിയായിരുന്നു.
ഗവർണറുടെ വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി ഈവർഷം 3.80 ലക്ഷം രൂപ ചെലവാക്കി. പെട്രോളിന് 8.8 ലക്ഷം രൂപയും. കഴിഞ്ഞവർഷം 7.35 ലക്ഷം രൂപ പെട്രോളിനും 6.34 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കും ഉപയോഗിച്ചു. 2020-21ൽ പെട്രോളിന് 6.75 ലക്ഷമായി. അറ്റകുറ്റപ്പണിക്കായി 6.41 ലക്ഷം രൂപയും നൽകി.
മാസങ്ങൾക്കുമുമ്പ് ഗവർണർക്കായി വാങ്ങിയ മെഴ്സിഡെസ് ബെൻസ് കാറിന് സംസ്ഥാന ഖജനാവിൽനിന്നെടുത്തത് എഴുപത് ലക്ഷത്തിലേറെ രൂപയാണ്. നേരത്തെ ഉപയോഗിച്ചിരുന്ന കാറിന് പകരം മെഴ്സിഡെസ് ബെൻസ് വേണമെന്ന് സർക്കാരിനോട് ഗവർണർ ആവശ്യപ്പെടുകയായിരുന്നു. ഇതിനുപുറമെയാണ് വിമാനക്കൂലി. ഏറ്റവും കൂടുതൽ തുക ചെലവാക്കിയത് തിരുവനന്തപുരം-ഡെൽഹി യാത്രകൾക്കായിരുന്നു. ഈവർഷം ഇതുവരെയുള്ള ചെലവ് 11.7 ലക്ഷം രൂപ. കഴിഞ്ഞവർഷം 13 ലക്ഷം രൂപയും. ഈ ചെലവുകൾക്കെല്ലാം പുറമെ 2020-21ൽ ഗവർണർ സർക്കാർ ഖജനാവിൽ നിന്ന് ഇഷ്ടക്കാർക്ക് ദാനം നൽകിയത് 13.5 ലക്ഷം രൂപയാണ്. ഈ വർഷം ഗവർണർക്ക് ഇഷ്ടാനുസരണം ദാനം ചെയ്യാൻ സർക്കാർ കരുതിവയ്ക്കേണ്ടത് 25 ലക്ഷം രൂപയും.
ഈ സാഹചര്യത്തിൽ ആർഎസ്എസ് സംഘടനയായ പ്രജ്ഞാപ്രവാഹ് അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യാതിഥി. ആർഎസ്എസ് പരിപാടിയിൽ ഗവർണർ പങ്കെടുക്കുന്നത് സർക്കാർ ചെലവിലാണ്.
രാജ്ഭവൻ ചെലവുകൾക്ക് നിയമസഭയുടെ വോട്ടെടുപ്പിലൂടെയുള്ള അംഗീകാരം ആവശ്യമില്ല. നിയമസഭ ഈ ചെലവ് ചർച്ചയും വോട്ടെടുപ്പുമില്ലാതെതന്നെ പാസാക്കും. ഈ സൗകര്യം ഉപയോഗിച്ചാണ് രാജ്ഭവനും ഗവർണറും ധൂർത്ത് തുടരുന്നത്.