കർണാടക സർക്കാരിനെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിൽ വർഗീയധ്രുവീകരണം രൂക്ഷമാക്കാൻ ഹിജാബ് ഉപയോഗിക്കുകയും അധികാരികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിനിടയിൽ വർഗീയമായ ഭിന്നിപ്പ് കൂട്ടാൻ ഹിജാബ് ഉപയോഗിച്ചു. ഉഡുപ്പിയിലും മംഗളൂരുവിലും മുസ്ലിം വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് ഇറക്കിവിടുന്ന സ്ഥിതിയുമുണ്ടായി എന്ന് അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ പാഠപുസ്തകങ്ങളിൽനിന്ന് സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കിയതിനെതിരെയും മുഖ്യമന്ത്രി വിമർശിച്ചു. പാഠപുസ്തകങ്ങളിൽനിന്ന് സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കിയ സർക്കാർ വിദ്യാർത്ഥികളിൽ സംഘ്പരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് ഭഗത് ഭഗത് സിങിനെ നീക്കം ചെയ്തു. സാറാ അബൂബക്കറിൻ്റെ കഥയും ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങളുമെല്ലാം പുസ്തകത്തിൽനിന്ന് ഒഴിവാക്കി. ചരിത്രത്തെ ഞെരിച്ചുകൊല്ലാനും ഇളംമനസുകളെ വർഗീയവത്ക്കരിക്കാനുമാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സിപിഎം കർണാടക സംസ്ഥാന കമ്മറ്റി ബാഗേപ്പള്ളിയിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംഘ്പരിവാറിനെയും സർക്കാരിനെയും മുഖ്യമന്ത്രി വിമർശിച്ചത്.
അതേസമയം ന്യൂനപക്ഷങ്ങൾ രാജ്യത്തെ രണ്ടാംകിട പൗരന്മാരാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യമാകെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. മുസ്ലിം സമൂഹത്തെക്കുറിച്ച് ഭീതിപരത്താൻ പുതിയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തുന്നു. വർഗീയത രാജ്യത്തിൻ്റെ ആദർശമായി വളർത്തിക്കൊണ്ടുവരുന്നുണ്ട്. സംഘ്പരിവാറിൻ്റെ വർഗീയതയെ നേരിടാനെന്ന പേരിൽ ന്യൂനപക്ഷവർഗീയതയും വളരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.